ഒട്ടാവ: ഇന്ധനവില വര്‍ധന, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, അമേരിക്കയിലേക്കുള്ള യാത്രകള്‍ക്കെതിരായ ബഹിഷ്‌കരണ പ്രവണത എന്നിവയെ തുടര്‍ന്ന് നിരവധി കാനഡക്കാര്‍ വേനല്‍ക്കാല യാത്രാപദ്ധതികള്‍ പുനഃപരിശോധിക്കുകയോ അനിശ്ചിതത്വങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കുകയോ ചെയ്യുന്നു.
അമേരിക്ക- ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയാണ് ഈ സാഹചര്യത്തിന് പ്രധാന കാരണം. തിരക്കേറിയ അവധിക്കാല സീസണ് മുന്നോടിയായി കാനഡയുടെ ഗ്ലോബല്‍ അഫയേഴ്‌സ് വകുപ്പും യാത്രാ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
വേനല്‍ക്കാലം അടുത്തിരിക്കുകയാണെന്നും നിരവധി കാനഡക്കാര്‍ വിദേശയാത്രകള്‍ ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ലോകമെമ്പാടുമുള്ള യാത്രികര്‍ ശ്രദ്ധിക്കേണ്ട വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ധനക്ഷാമം വിമാന റദ്ദാക്കലുകള്‍ക്കും യാത്രാ കേന്ദ്രങ്ങളിലെ സാധന- സേവന ലഭ്യതയ്ക്കുമുള്ള തടസങ്ങള്‍ക്കും കാരണമാകാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വിമാനയാത്രാ പ്രതിസന്ധിയും ചെലവുകൂടലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രാ വിദഗ്ധര്‍ കാനഡക്കാര്‍ക്ക് ആഭ്യന്തര യാത്രകള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു.
കാനഡ വളരെ വിശാലമായ രാജ്യമാണെന്നും ഓരോരുത്തരും താമസിക്കുന്ന സ്ഥലത്തേക്കാള്‍ വ്യത്യസ്തമായ നിരവധി സ്ഥലങ്ങള്‍ ഇവിടെ തന്നെ അനുഭവിക്കാനാകുമെന്നും ട്രാവല്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ മക്കന്‍സി മക്മില്ലന്‍ പറഞ്ഞു.
ഇന്ധനക്ഷാമത്തെ തുടര്‍ന്ന് എയര്‍ കാനഡ ഉള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികള്‍ ലാഭകരമല്ലാത്ത ചില സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ റൂട്ടുകളും ഒരുപോലെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ സൗഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസര്‍ വേര്‍ണര്‍ ആന്റ്വൈലര്‍ വ്യക്തമാക്കി.
ദീര്‍ഘദൂര ട്രാന്‍സ്- അറ്റ്‌ലാന്റിക് സര്‍വീസുകള്‍ സാധാരണയായി തുടരുമെങ്കിലും കൂടുതല്‍ ബാധിക്കുക ചെറുദൂര വിമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുദൂര സര്‍വീസുകള്‍ നടത്തിപ്പിന് കൂടുതല്‍ ചെലവേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹ്രസ്വദൂര സര്‍വീസുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാരെ ട്രെയിന്‍ പോലുള്ള മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിച്ചുവിടാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ പുതിയ എന്‍ട്രി- എക്‌സിറ്റ് സംവിധാനം നടപ്പാക്കിയതോടെ യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. അതിനാല്‍ വളരെ കുറഞ്ഞ കണക്ഷന്‍ സമയമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒരു മണിക്കൂര്‍ മാത്രം ഇടവേളയുള്ള കണക്ഷന്‍ തിരഞ്ഞെടുക്കരുതെന്നും അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മക്മില്ലന്‍ പറഞ്ഞു.
യാത്രാ തടസങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകാനുള്ള സാധ്യതയും കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്ന് ആന്റ്വൈലര്‍ പറഞ്ഞു.
അതേസമയം ലോകവ്യാപക ജെറ്റ് ഇന്ധനക്ഷാമം പോലുള്ള സാഹചര്യങ്ങള്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്‍കൂട്ടി അറിയാവുന്ന സംഭവം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ പരിരക്ഷയില്‍ ഉള്‍പ്പെടാതിരിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
