സ്‌പെയിനില്‍ അവധിക്കിടെ മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; രണ്ടുപേര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ്

സ്‌പെയിനില്‍ അവധിക്കിടെ മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; രണ്ടുപേര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ്


ബാഴ്‌സലോണ: സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഡ്യൂട്ടിയിലല്ലാത്ത മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥരെ സ്പാനിഷ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ക്കെതിരെ ലൈംഗികാതിക്രമവും ആക്രമണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് സ്പാനിഷ് പൊലീസ് അറിയിച്ചു.

മൂന്നാമത്തെ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാറ്റലോണിയ പൊലീസ് അറിയിച്ചതനുസരിച്ച് മെയ് 13ന് ബാഴ്‌സലോണയിലെ സിയൂട്ടാറ്റ് വെല്ല ജില്ലയില്‍ ടാക്‌സിക്കുള്ളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒരു ലൈംഗിക തൊഴിലാളിയും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

സംഭവദിവസം തന്നെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ ഉദ്യോഗസ്ഥനെ രണ്ടുദിവസത്തിന് ശേഷം പാല്‍മ ഡി മയോര്‍ക്കയില്‍ നിന്ന് പിടികൂടിയതായും സ്പാനിഷ് പൊലീസ് അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരെയും മെയ് 15ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ടൊറന്റോ പൊലീസ് വക്താവ് സ്റ്റെഫനി സെയര്‍ ഇമെയില്‍ പ്രതികരണത്തില്‍ പറഞ്ഞു. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല.

അറസ്റ്റിലായവരില്‍ ഒരാള്‍ കാനഡയിലേക്ക് മടങ്ങിയെത്തിയതായും അദ്ദേഹത്തെ ശമ്പളത്തോടുകൂടി സസ്പെന്‍ഡ് ചെയ്തതായും ടൊറന്റോ പൊലീസ് അറിയിച്ചു. മറ്റുരണ്ടുപേരും അടുത്ത ദിവസങ്ങളില്‍ കാനഡയില്‍ തിരിച്ചെത്തുമ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുമെന്നും വ്യക്തമാക്കി.

കേസുകള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനോ കൂടുതല്‍ പ്രതികരിക്കാനോ കഴിയില്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

ടൊറന്റോ പൊലീസ് അസോസിയേഷനും കേസുകളെക്കുറിച്ച് അറിവുണ്ടെന്ന് വക്താവ് മെഗന്‍ ഗ്രേ അറിയിച്ചു. ഡ്യൂട്ടിക്കു പുറത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട കേസായതിനാല്‍ സംഘടനയ്ക്ക് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് അവര്‍ പറഞ്ഞു.