കോക്രോച്ച് ജനതാ പാര്‍ട്ടി; തൊഴിലില്ലാത്തവരെ പാറ്റയെന്ന് വിശേഷിപ്പിച്ചതോടെ സി ജി പി പിറന്നു

കോക്രോച്ച് ജനതാ പാര്‍ട്ടി; തൊഴിലില്ലാത്തവരെ പാറ്റയെന്ന് വിശേഷിപ്പിച്ചതോടെ സി ജി പി പിറന്നു


ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് രൂപംകൊണ്ട 'കോക്രോച്ച് ജനത പാര്‍ട്ടി' (സി ജെ പി) ഇന്ത്യയിലെ സാമൂഹിക- രാഷ്ട്രീയ ചര്‍ച്ചകളില്‍ വലിയ ശ്രദ്ധനേടുന്നു. തൊഴിലില്ലായ്മ, യുവജനങ്ങളുടെ അസംതൃപ്തി, ഭരണകൂട വിമര്‍ശനം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുവരുന്നത്.

മെയ് 15ന് സുപ്രിം കോടതിയില്‍ വ്യാജ നിയമ ബിരുദങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമര്‍ശമാണ് കോക്രോച്ച് പാര്‍ട്ടിക്ക് വഴിയൊരുക്കിയത്. തൊഴിലില്ലാതെ അലഞ്ഞുനടക്കുന്ന ചില യുവാക്കള്‍ കോക്രോച്ചുകളെപ്പോലെയാണെന്നും ചിലര്‍ മാധ്യമങ്ങളിലേക്കും ചിലര്‍ ആര്‍ ടി ഐ പ്രവര്‍ത്തകരായും കടന്ന് എല്ലാവരെയും ആക്രമിക്കുന്നു എന്നായിരുന്നു പരാമര്‍ശം.

ഈ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് വഴിവച്ചു. പിന്നാലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജിത് ദിപ്‌കെ മെയ് 16ന് 'കോക്രോച്ച് ജനത പാര്‍ട്ടി' രൂപീകരിക്കുകയായിരുന്നു. 

തൊഴിലില്ലാത്തവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി സമയം ചെലവഴിക്കുന്നവര്‍ക്കും പ്രൊഫഷണല്‍ രീതിയില്‍ വിമര്‍ശിക്കാന്‍ കഴിവുള്ളവര്‍ക്കുമായി പുതിയ വേദി എന്ന പരിഹാസ പോസ്റ്റോടെയായിരുന്നു പ്രഖ്യാപനം.

മടിയന്മാരുടേയും തൊഴിലില്ലാത്തവരുടേയും ശബ്ദം എന്ന മുദ്രാവാക്യവുമായി ആരംഭിച്ച പാര്‍ട്ടിയുടെ വെബ്‌സൈറ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. 24 മണിക്കൂറിനകം 20,000ത്തിലധികം അംഗങ്ങള്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു. പിന്നീട് ഇത് 25,000 കവിഞ്ഞതായും സ്ഥാപകന്‍ വ്യക്തമാക്കി. എന്നാല്‍ കണക്കുകള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

വിവാദം ശക്തമായതോടെ ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യാജ ബിരുദങ്ങളുമായി ബാര്‍ കൗണ്‍സിലിലേക്കും മാധ്യമങ്ങളിലേക്കും കടന്നുകയറുന്നവരെയാണ് വിമര്‍ശിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കളെ രാജ്യത്തിന്റെ ഭാവിയുടെ തൂണുകളായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിശദീകരണത്തിന് ശേഷവും 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ അംഗത്വ പ്രചാരണം തുടരുകയായിരുന്നു.

ഇന്ത്യയിലെ തൊഴിലില്ലായ്മയും കടുത്ത മത്സര പരീക്ഷാ സംവിധാനവും ഭരണകൂടത്തിനെതിരെ ആര്‍ ടി ഐ പോലുള്ള നിയമ ഉപാധികള്‍ ഉപയോഗിക്കുന്ന യുവാക്കളുമാണ് ഈ പ്രസ്ഥാനത്തിന് വലിയ പിന്തുണ നേടിക്കൊടുത്തത്.

ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പാര്‍ട്ടിയെ പിന്തുണച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, മുതിര്‍ന്ന നേതാവ് കീര്‍ത്തി ആസാദ് എന്നിവരും താത്പര്യം പ്രകടിപ്പിച്ചു.

'ഞാന്‍ ഒരു കോക്രോച്ചാണ്' എന്ന പ്ലക്കാര്‍ഡുകളുമായി യുവാക്കള്‍ മാലിന്യശുചീകരണം നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

തുടക്കം പരിഹാസമോ ട്രോളോ ആയാണെങ്കിലും പാര്‍ട്ടി പിന്നീട് അഞ്ചു പ്രധാന രാഷ്ട്രീയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.

ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിച്ച ശേഷം രാജ്യസഭാ സീറ്റ് നല്‍കുന്നത് അവസാനിപ്പിക്കുക, വോട്ടവകാശം ഇല്ലാതാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുക, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുക, വലിയ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, കക്ഷിമാറ്റം നടത്തുന്ന എം എല്‍ എ- എം പിമാര്‍ക്ക് 20 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

പാര്‍ട്ടി സ്വയം മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യപരവും അലസവുമായ പാര്‍ട്ടി എന്നാണു വിശേഷിപ്പിക്കുന്നത്.

'കോക്രോച്ച്' എന്ന പദത്തിന്റെ ഉപയോഗം ചരിത്രപരമായ വിവാദങ്ങള്‍ക്കും വഴിവച്ചു. റുവാണ്ട കൂട്ടക്കൊലയ്ക്ക് മുമ്പ് ടുട്‌സി സമൂഹത്തെ അപമാനിക്കാന്‍ ഇതേ പദം ഉപയോഗിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ആ സാഹചര്യത്തിലല്ല ഉണ്ടായതെന്നും പിന്നീട് അദ്ദേഹം വിശദീകരണം നല്‍കിയതുമാണ് ശ്രദ്ധേയം. എന്നിരുന്നാലും രാജ്യത്തെ പരമോന്നത നീതിന്യായ സ്ഥാപനത്തിന്റെ തലവന്റെ വാക്കുകള്‍ യുവാക്കളില്‍ ഉണ്ടാക്കിയ പ്രതികരണമാണ് 'കോക്രോച്ച് ജനത പാര്‍ട്ടി'യെ വലിയ ചര്‍ച്ചാവിഷയമാക്കിയത്.