വാഷിങ്ടണ്‍: റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള ഇളവ് അമേരിക്ക വീണ്ടും 30 ദിവസത്തേക്ക് നീട്ടി. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് സഹായകരമാകുന്നതിനായാണ് തീരുമാനമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു.
റഷ്യന്‍ എണ്ണ കമ്പനികള്‍ക്കെതിരായ കര്‍ശന ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും താത്ക്കാലികമായി വാങ്ങാന്‍ ഈ ഇളവ് സഹായിക്കും. ഇളവ് നീട്ടില്ലെന്ന് നേരത്തെ അമേരിക്ക അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
എക്സിലെ കുറിപ്പിലൂടെയാണ് ബെസന്റ് പുതിയ 30 ദിവസത്തെ ജനറല്‍ ലൈസന്‍സ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുന്‍ ഇളവിന്റെ കാലാവധി അവസാനിച്ചിരുന്നു.
ഇതിനിടെ അമേരിക്കന്‍ ഇളവ് ഉണ്ടായാലും ഇല്ലെങ്കിലും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ ഇളവിന് മുമ്പും ഇളവിന്റെ കാലത്തും ഇപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും ഇത് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വ്യാപാരപരമായ തീരുമാനമാണെന്നും അവര്‍ പറഞ്ഞു.
പുതിയ ഇളവോടെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നത് കൂടുതല്‍ എളുപ്പമാകും. ഇളവ് ഇല്ലാത്ത സാഹചര്യത്തില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ടാങ്കറുകളിലൂടെയോ റഷ്യന്‍ വിതരണക്കാരിലൂടെയോ എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് രണ്ടാംഘട്ട അമേരിക്കന്‍ ഉപരോധ ഭീഷണി ഉണ്ടാക്കുമായിരുന്നു.
ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കെതിരായ അമേരിക്കന്‍ ഉപരോധവും തുടര്‍ന്ന് ഉണ്ടായ ഇന്ത്യ- അമേരിക്ക താരിഫ് ധാരണയും ഇതിന് കാരണമായിരുന്നു.
അതേസമയം, ഏകദേശം നാല് വര്‍ഷത്തിന് ശേഷം അടുത്തിടെ ഇന്ത്യ ഇന്ധനവില ലിറ്ററിന് മൂന്ന് രൂപയോളമാണ് വര്‍ധിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി മൂലമുള്ള എണ്ണ വിതരണ തടസവും റഷ്യന്‍ എണ്ണ ഉപരോധവും ഒരുമിച്ച് ബാധിക്കുന്ന സാഹചര്യം താത്ക്കാലികമായി ഒഴിവാക്കാന്‍ പുതിയ അമേരിക്കന്‍ ഇളവ് ഇന്ത്യയ്ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
