റോം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇറ്റലി സന്ദർശനത്തിന് ഉഷ്മള സ്വീകരണം നൽകി ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി. മോഡിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച മെലോണി, 'റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ' എന്നായിരുന്നു കുറിച്ചത്.
അഞ്ച് രാജ്യങ്ങൾ ഉൾപ്പെട്ട വിദേശ പര്യടനത്തിന്റെ അവസാന ഘട്ടമായാണ് മോഡി റോമിൽ എത്തിയത്. വിമാനത്താവളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പ്രത്യേക സ്വീകരണമാണ് ഒരുക്കിയത്. വാരണാസിയിലെ ഘാട്ടുകൾ ചിത്രീകരിച്ച പെയിന്റിങ്ങും അദ്ദേഹത്തിന് സമ്മാനമായി നൽകി. ഇന്ത്യൻ ശാസ്ത്രീയ സംഗീതരാഗമായ ഹംസധ്വനിയിൽ ചിട്ടപ്പെടുത്തി സംഗീതജ്ഞർ അവതരിപ്പിച്ച സ്വാഗത സംഗീതവും ശ്രദ്ധ നേടി.
'ഇന്ത്യൻ മൂല്യങ്ങളും കലകളും ഇറ്റലിയിലും യൂറോപ്പിലുടനീളവും കൂടുതൽ പ്രചരിപ്പിക്കാൻ ഈ അവസരം പ്രചോദനമാകുന്നു' എന്ന് പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരിൽ ഒരാൾ പറഞ്ഞു.
റോം സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി മോഡി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി മെലോണിയുമായുള്ള ഉഭയകക്ഷി ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യ-ഇറ്റലി സഹകരണം കൂടുതൽ ശക്തമാക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയായ ഐഎംഇസി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിലുണ്ടാകുമെന്ന് മോഡി എക്സിലൂടെ അറിയിച്ചു. 2025-2029 സംയുക്ത തന്ത്രപരമായ പ്രവർത്തനപദ്ധതിയും അവലോകനം ചെയ്യും. കൂടാതെ ഫൂഡ് ആന്റ് അഗ്രക്കൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) ആസ്ഥാനം സന്ദർശിച്ച് ആഗോള ഭക്ഷ്യസുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിക്കും.
2024 ജൂണിൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോഡി മുമ്പും ഇറ്റലി സന്ദർശിച്ചിരുന്നു. റോമിലെത്തുന്നതിന് മുമ്പ് അദ്ദേഹം ഓസ്ലോ യിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ഡെൻമാർക്ക്, നോർവേ, ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ നേതാക്കളുമായുള്ള ചർച്ചയിൽ ഹരിതസാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവർത്തനം, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള ബന്ധം 'ഗ്രീൻ ടെക്നോളജി ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' നിലയിലേക്ക് ഉയർത്താനും ധാരണയായി.
നോർവെ സന്ദർശനം മോഡിയുടെ അഞ്ച് രാജ്യ പര്യടനത്തിലെ നാലാമത്തെ ഘട്ടമായിരുന്നു. ഇതിനുമുമ്പ് അദ്ദേഹം യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ എന്നിവിടങ്ങളും സന്ദർശിച്ചിരുന്നു.
'റോമിലേക്ക് സ്വാഗതം, സുഹൃത്തേ'; മോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജിയോർജിയ മെലോണി
