തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിൽ അതൃപ്തി അറിയിച്ച ലെത്തീൻ സഭയെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. മന്ത്രിമാരായ കെ.മുരളീധരൻ, സി.പി.ജോൺ എന്നിവർ സഭാ പ്രതിനിധികളുമായി ചർച്ച ആരംഭിച്ചു. ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ, ഫാ.ക്രിസ്തുദാസ്, ഫാ.ബീഡ് മനോജ് എന്നിവരുമായാണ് ചർച്ച നടത്തിയത്. സാധാരണ സന്ദർശനമെന്നാണ് കെ.മുരളീധരൻ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തില്ല. അവർക്ക് പറയാനുള്ളത് കേട്ടു. ചില കാര്യങ്ങളിൽ സമുദായങ്ങളുടെ അഭിപ്രായം പരിഗണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രി സി.പി.ജോൺ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. കടലിനെ കുറിച്ചറിയാവുന്നവർ വകുപ്പ് മന്ത്രിയാകണമെന്നും ഷിബു ബേബി ജോണിനോ സി.പി.ജോണിനോ വകുപ്പിന്റെ ചുമതല ഏൽപ്പിക്കണമെന്നുമാണ് ലെത്തീൻ സഭ ആവശ്യപ്പെടുന്നത്.
ഫിഷറീസ് വകുപ്പ്: ലെത്തീൻ സഭയെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി
