വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് പ്രഖ്യാപിച്ച 1.8 ബില്യൺ ഡോളറിന്റെ 'ആന്റിവെപ്പണൈസേഷൻ ഫണ്ടിനെ ചൊല്ലി വിവാദം. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ തങ്ങളെ ലക്ഷ്യമിട്ടെന്നു ആരോപിക്കുന്നവർക്കുവേണ്ടി ട്രംപ് രൂപീകരിച്ച ഫണ്ടാണ് ശക്തമായ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചത്.
അമേരിക്കൻ സെനറ്റ് സമിതി യോഗത്തിനിടെ ആക്ടിങ് അറ്റോർണി ജനറലായ ടോഡ് ബ്ലാഞ്ച് ഫണ്ടിനെ ശക്തമായി പ്രതിരോധിച്ചു. എന്നാൽ ഇത് ട്രംപിന്റെ രാഷ്ട്രീയ അനുയായികൾക്ക് സഹായം നൽകാനുള്ള നീക്കമാണെന്നാണ് ഡെമോക്രാറ്റ് അംഗങ്ങൾ ആരോപിച്ചത്.
ഡെമോക്രാറ്റ് സെനറ്റർ പാറ്റി മുറെ കടുത്ത വിമർശനവുമായി രംഗത്തെത്തി. 'അമേരിക്കൻ പ്രസിഡന്റിന് സ്വന്തം താൽപര്യങ്ങൾക്കായി സർക്കാർ ധനം ഉപയോഗിക്കുന്നതപോലുള്ള തുറന്ന അഴിമതി ഇതുവരെ കണ്ടിട്ടില്ല' എന്നാണ് അവർ പറഞ്ഞത്.
ട്രംപിന്റെ നികുതി രേഖകൾ ചോർന്ന സംഭവത്തിൽ ഇന്റേണൽ റവന്യൂ സർവീസിന് എതിരായ കേസ് പിൻവലിച്ചതിന്റെ ഭാഗമായി തന്നെയാണ് ഈ ഫണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ട്രംപ് വ്യക്തിപരമായി ഫണ്ടിൽ നിന്ന് പണം സ്വീകരിക്കില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് മാത്രമല്ല, രാഷ്ട്രീയ പീഡനത്തിന് ഇരയായെന്ന് വിശ്വസിക്കുന്ന ആർക്ക് വേണമെങ്കിലും അപേക്ഷിക്കാമെന്നും ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തിരിക്കെ നികുതി, ആയുധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഹണ്ടർ ബൈഡനു പോലും ഫണ്ടിന് അപേക്ഷിക്കാമെന്ന് ബ്ലാഞ്ച് പറഞ്ഞു. എന്നാൽ 2021 ജനുവരി 6ന് അമേരിക്കൻ കോൺഗ്രസ് മന്ദിരമായ യുഎസ് കാപ്പിറ്റോൾ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ട്രംപ് അനുകൂലികൾക്കും നഷ്ടപരിഹാരം ലഭിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ട്രംപിന്റെ വ്യക്തിപരമായ അഭിഭാഷകനായും പ്രവർത്തിച്ചിരുന്ന ടോഡ് ബ്ലാഞ്ചാണ് ഫണ്ടിന്റെ പ്രവർത്തനം മേൽനോട്ടം വഹിക്കുന്ന കമ്മിഷൻ അംഗങ്ങളെ നിയമിക്കുക. ഇത് രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്കയാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്നത്.
2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലും രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിലും ട്രംപിനെ പ്രതിനിധീകരിച്ചത് ബ്ലാഞ്ചായിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും വിജയിച്ചതിന് പിന്നാലെ കേസുകൾ അവസാനിപ്പിക്കപ്പെട്ടു.
സെനറ്റ് ഹിയറിംഗിനിടെ ഡെമോക്രാറ്റ് സെനറ്റർ ജോക്ക് റീഡ് ബ്ലാഞ്ചിനെ 'പ്രസിഡന്റിന്റെ കോൺസിഗ്ലിയേറെ' എന്നാണ് വിശേഷിപ്പിച്ചത്. മാഫിയ തലവന്മാരുടെ അടുത്ത ഉപദേഷ്ടാവിനെയാണ് കോൺസിഗ്ലിയേറെ എന്ന് വിളിക്കുന്നത്.
അതേസമയം, അന്തരിച്ച ധനകാര്യ ഇടനിലക്കാരനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും ബ്ലാഞ്ചിനോട് ചോദ്യമുയർന്നു. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്നണ്ടോ എന്ന ചോദ്യത്തിന് 'അദ്ദേഹം മരിച്ചല്ലോ' എന്നായിരുന്നു ബ്ലാഞ്ചിന്റെ മറുപടി. എന്നാൽ മറ്റ് പ്രതികൾക്കെതിരായ തെളിവുകൾ ലഭിച്ചാൽ അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുകയാണെന്ന വിമർശനവും ഹിയറിംഗിനിടെ ശക്തമായി ഉയർന്നു. സർക്കാർ ഫണ്ടുകൾ തടയൽ, ഉദ്യോഗസ്ഥരെ നീക്കം ചെയ്യൽ, മുൻ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ ലക്ഷ്യമിടൽ എന്നിവയിലൂടെ ട്രംപ് പ്രതികാര രാഷ്ട്രീയം നടത്തുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.
ട്രംപിന്റെ 1.8 ബില്യൺ ഡോളർ ഫണ്ടിനെ ചൊല്ലി രാഷ്ട്രീയ പോര്; 'രാഷ്ട്രീയ കൂട്ടാളികൾക്ക് പ്രതിഫലം' എന്ന് ഡെമോക്രാറ്റുകളുടെ ആരോപണം
