വാഷിംഗ്ടൺ: അമേരിക്കയിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (DHS) പുതിയ സെക്രട്ടറിയായി സെനറ്റർ മാർക്‌വെയ്ൻ മുള്ളിനെ നിയമിച്ചു. 54-45 എന്ന വോട്ടിനാണ് സെനറ്റ് അദ്ദേഹത്തെ സ്ഥിരീകരിച്ചത്. മുൻ സെക്രട്ടറി ക്രിസ്റ്റി നോയമിന് പകരക്കാരനായി മുള്ളിൻ ചുമതലയേൽക്കും.
ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് കുടിയേറ്റ നിയന്ത്രണം പ്രധാന ലക്ഷ്യമാക്കിയ സാഹചര്യത്തിലാണ് ഈ നിയമനം. നിലവിൽ വകുപ്പിലെ ഏകദേശം ഒരു ലക്ഷം ജീവനക്കാർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സർക്കാർ അടച്ചുപൂട്ടൽ സാഹചര്യത്തിനിടെയാണ് മുള്ളിൻ ചുമതലയേറ്റെടുക്കുന്നത്.
സ്ഥിരീകരണ വേളയിൽ സംസാരിച്ച മുള്ളിൻ, ഡിഎച്ച് എസിന് ആവശ്യമായ ധനസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 'ചവിട്ടുപടികൾ ഭയപ്പെടുന്നില്ല; പരാജയമാണ് ഭയം. ജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപ് ഭരണകൂടത്തിന്റെ വലിയ പദ്ധതിയായ വ്യാപക നാടുകടത്തൽ നടപടികളിൽ ഡി എച്ച് എസ് നിർണായക പങ്കുവഹിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ വൻതോതിൽ വ്യാപിപ്പിക്കുകയും, അതിർത്തി കടന്നുകയറ്റങ്ങൾ കുറയ്ക്കുകയും, കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ ആളുകളുടെ എണ്ണം ഉയർത്തുകയും ചെയ്തു. ലോസ് ആഞ്ചലസ്, ഷിക്കാഗോ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ ശക്തമായ പരിശോധനാ നടപടികളും നടപ്പാക്കി.
അതേസമയം, ഈ നടപടികൾ വിവാദങ്ങൾക്കും ഇടയാക്കി. ചില സ്ഥലങ്ങളിൽ ഫെഡറൽ ഏജന്റുമാരുടെ നടപടികൾക്ക് പിന്നാലെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ സെക്രട്ടറി ക്രിസ്റ്റി നോയം എടുത്ത ചില കടുത്ത നിലപാടുകൾക്കും പരസ്യ ക്യാമ്പെയ്‌നുകൾക്കുമായി ചെലവഴിച്ച വൻ തുകയ്ക്കും വിമർശനം ഉയർന്നിരുന്നു.
മുൻഗാമിയെക്കാൾ മൃദുവായ സമീപനം സ്വീകരിക്കുമെന്നും വിമർശകരുമായി സഹകരിക്കുമെന്നും മുള്ളിൻ അറിയിച്ചു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള പരിശോധനകൾക്ക് കോടതി വാറണ്ട് ആവശ്യമായിരിക്കണമെന്ന നിലപാടും അദ്ദേഹം സൂചിപ്പിച്ചു. ദുരന്തനിവാരണ ഏജൻസിയായ FEMA പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും, എന്നാൽ അത് പൂർണമായും ഇല്ലാതാക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം പ്രതിപക്ഷം അദ്ദേഹത്തെ എതിർത്തുവെങ്കിലും, ജോൺ ഫെറ്റർമാൻ, മാർട്ടിൻ ഹെയ്ൻ റിച്ച് തുടങ്ങിയവർ പിന്തുണ നൽകി.
അതേസമയം, 2020 തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിലപാട്, വിദേശയാത്രകളിലെ വെളിപ്പെടുത്തൽ കുറവ് തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർന്നു. റാൻഡ് പോൾ, ഗാരി പീറ്റേഴ്‌സ് എന്നിവർ ഇതിനെതിരെ വോട്ട് ചെയ്തു.
ഡിഎച്ച്എസ് ഫണ്ടിംഗ്, കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ എന്നിവയിൽ വൈറ്റ് ഹൗസും സെനറ്റും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ, മുള്ളിന്റെ നിയമനം നയപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്‌വെയ്ൻ മുള്ളിൻ; അമേരിക്കൻ സെനറ്റിന്റെ അംഗീകാരം
