യൂട്ട: യു എസിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വനിത മിയ ലവ് 49-ാം വയസ്സില്‍ അന്തരിച്ചു.
ഹെയ്തിയന്‍ കുടിയേറ്റക്കാരുടെ മകളായ ലവ് പ്രതിനിധി സഭയില്‍ യൂട്ടാ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നു.
മസ്തിഷ്‌ക കാന്‍സറിനുള്ള ചികിത്സയ്ക്കിടെ ലവ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് അവരുടെ മകള്‍ അബിഗേല്‍ നേരത്തെ പറഞ്ഞിരുന്നു.
യഥാര്‍ഥ വഴി കാട്ടിയും ദീര്‍ഘവീക്ഷണമുള്ള നേതാവുമായ മിയ തന്റെ ധൈര്യം, കൃപ, അമേരിക്കന്‍ സ്വപ്‌നത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയിലൂടെ എണ്ണമറ്റ യൂട്ടാക്കാരെ പ്രചോദിപ്പിച്ചതായി ലവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് എഴുതി.
2003-ല്‍ സരറ്റോഗ സ്പ്രിംഗ്‌സ് സിറ്റി കൗണ്‍സിലില്‍ സീറ്റ് നേടിയതോടെയാണ് മിയ ലവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് അവര്‍ മേയറായപ്പോള്‍ 34 വയസ്സായിരുന്നു പ്രായം.
2014ല്‍ യു എസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലവ് ഈ പദവി ഏറ്റെടുക്കുന്ന ആദ്യത്തെ കറുത്ത റിപ്പബ്ലിക്കന്‍ വനിതയായി ചരിത്രം സൃഷ്ടിച്ചു.
2016ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ലവ് അദ്ദേഹത്തെ എതിര്‍ക്കുകയും റിപ്പബ്ലിക്കന്‍ നോമിനേഷന്‍ എതിരാളി ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിനെ പിന്തുണക്കുകയും ചെയ്തു.
2018-ല്‍ ഹെയ്തിയെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ട്രംപ് പരസ്യമായി ക്ഷമാപണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മൂന്നാം ടേമിനായുള്ള അവരുടെ ശ്രമം ഡെമോക്രാറ്റിക് എതിരാളിയായ ബെന്‍ മക്ആഡംസിനോട് വളരെ നേരിയ പരാജയത്തില്‍ കലാശിക്കുകയായിരുന്നു.
മൂന്നുകുട്ടികളുടെ അമ്മയായ ലവ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുറച്ചുകാലം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്തിരുന്നു.
അഭിനയ ജീവിതം സ്വപ്‌നം കണ്ട ലവ് കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് മ്യൂസിക്കല്‍ തിയേറ്ററില്‍ ബിരുദം നേടിയത്.
2022ലാണ് ലവിന് ബ്രെയിന്‍ ക്യാന്‍സറായ ഗ്ലിയോബ്ലാസ്റ്റോമ ഉണ്ടെന്ന് കണ്ടെത്തിയത്.