വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍ക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ വന്ന കുറിപ്പില്‍ രൂക്ഷ പ്രതികരണവുമായി എലോണ്‍ മസ്‌ക്. എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മകളുടെ ലിംഗപരിവര്‍ത്തനം 'മനസ്സിനെ തളര്‍ത്തുന്ന ദുഷ്ട വൈറസ്' മൂലമുണ്ടായ മാനസിക രോഗം ആണെന്ന് മസ്‌ക് ആരോപിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ ഓഫീസില്‍ നിന്നുണ്ടായ പരിഹാസ പരാമര്‍ശത്തിനുള്ള പ്രതികരണമായാണ് മസ്‌കിന്റെ ഈ പ്രസ്താവന പുറത്തുവന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളെ കൂടുതല്‍ കാണാന്‍ താത്പര്യമുണ്ടെന്ന് ന്യൂസം ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞതിന് പിന്നാലെ, എലോണ്‍ മസ്‌കിന്റെ പബ്ലിക് ആക്ഷന്‍ കമ്മിറ്റി എക്സില്‍ പങ്കുവെച്ച വീഡിയോയോട് പ്രതികരിച്ച് ന്യൂസമിന്റെ ഓഫീസ് 'അതെ, ശരിയാണ്. നിങ്ങളുടെ മകള്‍ നിങ്ങളെ വെറുക്കുന്നതില്‍ ഖേദിക്കുന്നു, എലോണ്‍,' എന്നായിരുന്നു കുറിച്ചത്.
ഇതിന് മറുപടിയായി 'നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്റെ മകന്‍ സേവിയറെയാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ദുര്‍ബലരായ കുട്ടികളില്‍ പ്രചരിപ്പിക്കുന്ന ദുഷ്ടമായ മനസ്സ് തളര്‍ത്തുന്ന വൈറസ് മൂലമാണ് അവന് ദാരുണമായ മാനസിക രോഗമുണ്ടായത്. ഞാന്‍ സേവിയറിനെ ഏറെ സ്‌നേഹിക്കുന്നു, അവന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പെണ്‍മക്കള്‍ അസ്യൂര്‍, എക്‌സ (അവള്‍ 'വൈ' എന്നാണ് വിളിക്കപ്പെടുന്നത്), ആര്‍ക്കേഡിയ എന്നിവരാണ്, അവര്‍ എന്നെ ഏറെ സ്‌നേഹിക്കുന്നവരാണ്' എന്നാണ് മസ്‌ക് പറഞ്ഞത്.
മുന്‍കാലങ്ങളിലും മസ്‌ക് തന്റെ മകളെ ജനനനാമം ഉപയോഗിച്ച് വിളിക്കുകയും അവളുടെ ലിംഗപരിവര്‍ത്തനത്തെ ഇതേ രീതിയില്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്ല സി ഇ ഒയായ മസ്‌ക് 'അവള്‍ സോഷ്യലിസത്തെ മറികടന്ന് പൂര്‍ണ്ണമായ കമ്മ്യൂണിസത്തിലേക്ക് പോയി; സമ്പന്നരായ എല്ലാവരും ദുഷ്ടരാണ് എന്ന നിലപാടിലേക്കാണ് അവള്‍ എത്തിയിരിക്കുന്നത്,' എന്നും മുമ്പ് ആരോപിച്ചിരുന്നു.
ഈ വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ഉയര്‍ന്നത്. ഒരു ഉപയോക്താവ് കുറിച്ചത് എഇലോണിനെക്കുറിച്ച് എന്ത് അഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കളെ ഉപയോഗിച്ച് ആക്രമിക്കുന്നത് ഏറ്റവും താഴ്ന്ന നിലയാണ് എന്നായിരുന്നു.
കുട്ടികളെ ഈ വിഷയങ്ങളില്‍ വലിച്ചിഴക്കരുതെന്നും ഗാവിന്‍ ന്യൂസമിന്റെ സംഘത്തിന്റെ നടപടി ലജ്ജാകരമാണെന്നും നിങ്ങളുടെ മകനെ സംരക്ഷിക്കേണ്ട സാഹചര്യം നിങ്ങള്‍ക്കുണ്ടായതില്‍ ഖേദിക്കുന്നു എലോണ്‍ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
മറ്റൊരാളാവട്ടെ എലോണ്‍, എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മകളെ പിന്തുണയ്ക്കുന്നില്ല എന്നാണ് ചോദിച്ചത്.
സ്വന്തം കുട്ടിയുമായി അകന്നുപോയ ഒരു പിതാവിനെ ്പരിഹസിക്കുകയെന്ന നീക്കം ഒരു ഗവര്‍ണറുടെ ഓഫിസിന്റെ മാന്യതയക്ക് യോജിക്കുന്നതല്ലെന്ന് മറ്റൊരാളും കുറിച്ചു.
