വാഷിങ്ടൺ: ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് ഇലോൺ മസ്ക് പിൻവലിച്ചു. മസ്കിനെതിരെ ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെയാണ് മസ്ക് പോസ്റ്റ് പിൻവലിച്ചത്. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്ക് രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്ക് വ്യാഴാഴ്ച എക്സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. 'ബിഗ് ബോംബ്' എന്ന വിശേഷണത്തോടെയാണ് മസ്ക് ഈ പോസ്റ്റ് പങ്കുവെച്ചത്.
'വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റീൻ ഫയലിൽ ഡോണൾഡ് ട്രംപ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകൾ എത്താത്തത്. ശുഭദിനം' എന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. 'ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, ഭാവിയിൽ സത്യം പുറത്തുവരികതന്നെചെയ്യും' എന്ന് മറ്റൊരു പോസ്റ്റിൽ മസ്ക് കുറിച്ചു. പോസ്റ്റുകൾ വലിയ ചർച്ചയായതോടെ എക്സിൽനിന്നും ഇപ്പോൾ ഇവ നീക്കം ചെയ്തിരിക്കുകയാണ് മസ്ക്.
സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് മസ്ക് തന്റെ ആരോപണത്തിൽനിന്ന് പിൻവാങ്ങിയതെന്ന് അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരെ മസ്ക് രംഗത്തുവന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. വിവാദ വെളിപ്പെടുത്തതിന് പിന്നാലെ ടംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്ക് പിന്തുണച്ചു.
അതേസമയം, മസ്കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. തന്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം.