ടൊറന്റോ: ഇന്റര്‍നാഷണല്‍ യൂത്ത് കാനഡ ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് കാനഡയിലേക്ക് എത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി വെര്‍ച്വല്‍ സമ്മര്‍ 2025 വിദ്യാര്‍ഥി സ്വാഗതവും ഓറിയന്റേഷന്‍ സെഷനും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളും പുതുമുഖങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാര്‍, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍, ഫിന്‍ടെക് വ്യവസായം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തത്സമയ സൂം സെഷനു പുറമേ ഒന്നിലധികം യൂട്യൂബിലും മീഡിയ പ്ലാറ്റ്ഫോമുകളിലും സ്ട്രീം ചെയ്ത എടിഎന്‍ ഏഷ്യ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചാനലുകളിലും ഇത് തത്സമയം സംപ്രേഷണം ചെയ്തു.
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്കുള്ള കോണ്‍സുലേറ്റിന്റെ നിരന്തരമായ പ്രതിബദ്ധത ഇന്ത്യയുടെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ കപിധ്വജ സിംഗ് ഊന്നിപ്പറഞ്ഞു.
ഓഫീസ് എന്ന നിലയില്‍ മാത്രമല്ല കാനഡയിലെ കുടുംബമെന്ന നിലയിലും എപ്പോഴും കൂടെയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ യൂത്ത് കാനഡയുടെ പ്രസിഡന്റ് ജെറിന്‍ രാജ് മുന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി എന്ന നിലയില്‍ തന്റെ യാത്ര പങ്കുവെച്ച് കമ്മ്യൂണിറ്റി പിന്തുണയിലേക്ക് നേരത്തെ തന്നെ പ്രവേശനം നേടേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ശരിയായ സമയത്ത് ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നതാണ് ഈ പ്ലാറ്റ്ഫോമിലൂടെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്റാറിയോ മനുഷ്യാവകാശ കമ്മീഷണര്‍ റാന്‍ഡല്‍ ആര്‍സെനോള്‍ട്ട്, പീല്‍ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റിയിലെ പ്രസാദ് നായര്‍, സെനെക പോളിടെക്‌നിക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രശാന്ത് ശ്രീവാസ്തവ, ഡിനി എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. ഐവൈസി ഇവന്റ്‌സ് ചെയര്‍ ഹിമാന്‍ഷി ജെയിന്‍ മോഡറേറ്റ് ചെയ്തു.
