ന്യൂഡല്‍ഹി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ അനീഷ് ബാബു. കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ഇ ഡി ഉദ്യാഗസ്ഥന്‍ ശേഖര്‍ യാദവിനെ അനുകൂലിച്ച് മൊഴി നല്‍കണമെന്ന സമ്മര്‍ദം ഇ ഡിയില്‍ നിന്നുണ്ടായതായി അനീഷ് ബാബു പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുളള പ്രശ്‌നമാണ് നടക്കുന്നതെന്നും ഇതില്‍ ബലിയാടാവാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നും ഒരു മലയാളി ഇ ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അനീഷ് പറഞ്ഞു.
കേസില്‍ ശേഖര്‍ യാദവിന് ബന്ധമില്ലെന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചത്. സത്യം പുറത്ത് കൊണ്ടുവരാനുളള ശ്രമമല്ല അന്വേഷണ ഏജന്‍സി നടത്തുന്നതെന്നും അനീഷ് ബാബു വ്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു അനീഷ് ബാബുവിനെ ഇ ഡി ചോദ്യം ചെയ്തത്.