ബൊഗോട്ട: കൊളംബിയന്‍ സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിലെ ഫോണ്ടിബോര്‍ പാര്‍ക്കില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്. ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
കൊളംബിയയിലെ പ്രതിപക്ഷ പാര്‍ട്ടിയായ സെന്‍ട്രോ ഡെമോക്രാറ്റിക്കോയുടെ സ്ഥാനാര്‍ഥിയായിരുന്നു 39കാരനായ മിഗേല്‍ ഒറീബേ. വെടിവെയ്ക്കുന്ന ഓണ്‍ലൈന്‍ ദൃശ്യങ്ങളില്‍ ഒറീബേയുടെ തലയില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി കാണാം. ഒറീബയെ ബൊഗോട്ടയിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെച്ച ആളെ പിടികൂടിയതായി ബൊഗോട്ട മേയര്‍ അറിയിച്ചു.
വെടിവയ്പ്പിനെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ സര്‍ക്കാര്‍ ഉടനടി അപലപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍ പ്രസിഡന്റ് അല്‍വാരോ ഒറീബേയുടെ അടുത്ത സഖ്യകക്ഷിയായ മിഗേല്‍ ഒറീബേ കൊളംബിയ ആക്രമണത്തിന്റെ പാതയിലേക്ക് തിരിയുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊളംബിയയിലെ യൂണിവേഴ്‌സിഡാഡ് ഡി ലോസ് ആന്‍ഡീസിലും ഹാര്‍വാര്‍ഡിന്റെ കെന്നഡി സ്‌കൂളിലും വിദ്യാഭ്യാസം നേടിയ ഒറീബെ, പെട്രോയുടെ ഇടതുപക്ഷ പരിഷ്‌കാരങ്ങളുടെ നിശിത വിമര്‍ശകനാണ്.
മുന്‍ പ്രസിഡന്റ് ജൂലിയോ സീസര്‍ ടര്‍ബെയുടെ ചെറുമകനും കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഡയാന ടര്‍ബെയുടെ മകനുമാണ് ഒറീബേ. സെനറ്റര്‍ എന്ന നിലയില്‍, രാജ്യത്ത് ക്രമസമാധാനം, സാമ്പത്തിക സ്ഥിരത, ബിസിനസ് അനുകൂല ആവാസവ്യവസ്ഥ എന്നിവ ഉറപ്പാക്കണം എന്നായിരുന്നു ഒറീബേയുടെ നിലപാട്. 2022ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റേതൊരു സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഒറീബേ വിജയിച്ചത്.
കൊളംബിയന്‍ സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മിഗേല്‍ ഒറീബേയ്ക്ക് വെടിയേറ്റു; നില ഗുരുതരം
