ന്യൂയോര്‍ക്ക്: പ്രധാന റോഡുകളിലൂടെ ഗതാഗത തിരക്ക് ഏറ്റവമധികമായ സമയത്ത് കടന്നുപോകുന്നതിന് ഫീസ് അഥവാ 'കണ്‍ജഷന്‍ ചാര്‍ജ്' ഏര്‍പ്പെടുത്തുന്ന നഗരമായി ന്യൂയോര്‍ക്ക്.
പദ്ധതി ആദ്യമായി ഏര്‍പ്പെടുത്തുന്നത യുഎസിലെ ആദ്യ സംസ്ഥാനം എന്ന ഖ്യാതിയും ന്യൂയോര്‍ക്കിനാണ്.
തിക്കുള്ള സമയങ്ങളില്‍ പ്രത്യേക റോഡുകളിലൂടെ വാഹനമോടിക്കാന്‍ കാര്‍ ഡ്രൈവര്‍മാര്‍ പ്രതിദിനം 9 ഡോളര്‍ (7 പൗണ്ട്) നല്‍കേണ്ടിവരും. മറ്റ് വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ടൈംസ് സ്‌ക്വയര്‍, വാള്‍സ്ട്രീറ്റിന് ചുറ്റുമുള്ള സാമ്പത്തിക ജില്ല തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ മേഖല സെന്‍ട്രല്‍ പാര്‍ക്കിന് തെക്കുള്ള ഒരു പ്രദേശം ഉള്‍ക്കൊള്ളുന്നു.
ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗതാഗത പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും പൊതുഗതാഗത ശൃംഖലയ്ക്കായി കോടിക്കണക്കിന് രൂപ സമാഹരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. എന്നാല്‍ പ്രശസ്തനായ ന്യൂയോര്‍ക്കുകാരനും, നിയുക്ത പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പദ്ധതിക്ക് എതിര്‍പ്പ് നേരിട്ടു.
രണ്ട് വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ കാതി ഹോച്ചുള്‍ ആണ് കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്ന പദ്ധതി ആദ്യമായി പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ ചില യാത്രക്കാരില്‍ നിന്നും ബിസിനസുകളില്‍ നിന്നുമുള്ള പരാതികളെത്തുടര്‍ന്ന് ആ പദ്ധതി വൈകുകയും പരിഷ്‌കരിക്കുകയും ചെയ്തു.
'ന്യൂയോര്‍ക്കുകാര്‍ക്ക് വളരെയധികം ആസൂത്രിതമല്ലാത്ത പ്രത്യാഘാതങ്ങള്‍' ഉണ്ടെന്ന് പറഞ്ഞ് ജൂണില്‍ അവര്‍ താല്‍ക്കാലികമായി നിര്‍ത്തിയ പദ്ധതിയാണ് ഇപ്പോല്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.
തിരക്കേറിയ സമയങ്ങളില്‍ തിരക്കേറിയ മേഖലയില്‍ പ്രവേശിക്കുന്നതിന് മിക്ക ഡ്രൈവര്‍മാര്‍ക്കും പ്രതിദിനം 9 ഡോളറും മറ്റ് സമയങ്ങളില്‍ 2.25 ഡോളറും ഫീസ് ഏര്‍പ്പെടുത്തും.
ചെറിയ ട്രക്കുകള്‍ക്കും കമ്മ്യൂട്ടര്‍ ഇതര ബസുകള്‍ക്കും പീക്ക് സമയങ്ങളില്‍ മാന്‍ഹട്ടനില്‍ പ്രവേശിക്കാന്‍ 14.40 ഡോളര്‍ നല്‍കണം, വലിയ ട്രക്കുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും 21.60 ഡോളര്‍ ഫീസ് നല്‍കണം.
ടാക്‌സി ഡ്രൈവര്‍മാരുടെ അസോസിയേഷനുകള്‍ ഉള്‍പ്പെടെ നിരവധി എതിര്‍പ്പുകള്‍ ഈ പദ്ധതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന എതിര്‍പ്പ് വന്നത് ഈ മാസം അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പദ്ധതി ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത ന്യൂയോര്‍ക്ക് സ്വദേശിയായ ട്രംപില്‍ നിന്നാണ്.
പ്രാദേശിക റിപ്പബ്ലിക്കന്‍മാര്‍ ഇതിനകം അദ്ദേഹത്തോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തിന് വടക്കുള്ള ഒരു സബര്‍ബന്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് അംഗം മൈക്ക് ലോലര്‍ നവംബറില്‍ ട്രംപിനോട് 'ഈ അസംബന്ധമായ പദ്ധതി എന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍' ആവശ്യപ്പെട്ടിട്ടുണ്ട്.
അയല്‍പ്രദേശങ്ങളിലെ പരിസ്ഥിതി ആഘാതത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തടയുന്നതിന് ന്യൂജേഴ്‌സി സംസ്ഥാന ഉദ്യോഗസ്ഥരുടെ പതിനൊന്നാം മണിക്കൂര്‍ ശ്രമം വെള്ളിയാഴ്ച ഒരു ജഡ്ജി തള്ളിക്കളഞ്ഞു.
ട്രാഫിക്-ഡേറ്റ വിശകലന സ്ഥാപനമായ INRIX അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് നഗരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരപ്രദേശമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തിലെ തിരക്കേറിയ പ്രഭാത കാലയളവില്‍ മാന്‍ഹട്ടന്‍ നഗരകേന്ദ്രത്തിലെ വാഹനങ്ങള്‍ മണിക്കൂറില്‍ 11 മൈല്‍ (17 കിലോമീറ്റര്‍) വേഗതയില്‍ മാത്രമാണ് ഓടിക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്‍ജഷന്‍ ചാര്‍ജ് ഈടാക്കുന്ന ആദ്യ യുഎസ് നഗരമായി ന്യൂയോര്‍ക്ക്; എതിര്‍പ്പുമായി ട്രംപും