ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഹൈന്ദവ ആഘോഷമായ ദീപാവലിയുടെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടി വരുന്നതിനാലാണ് അവധി നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. വിവിധ മതവിഭാഗത്തില്‍പെട്ട 1.1 ദശലക്ഷം വിദ്യാര്‍ത്ഥിക്കളാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ പഠിക്കുന്നത്. ഇതില്‍ ഹിന്ദു, സിഖുക്കാര്‍, ബുദ്ധ മതക്കാര്‍, എന്നിവരും ഉള്‍പ്പെടുന്നു. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതോടെ ഇവര്‍ക്കെല്ലാം ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 28 ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ നടത്തുന്ന ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു. കൂടാതെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉള്‍പ്പടെ നഗരത്തിലെ വിവിധ കെട്ടിടങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ച് ആഘോഷത്തിന്റെ ഭാഗമായി.
ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ദീപാവലി അവധി; ചരിത്രത്തില്‍ ആദ്യം