വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജൻസിയായ എ.ഫ്.ബി.ഐ വിലങ്ങു വെച്ചു കൊണ്ടുപോകുന്ന എ.ഐ വിഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് ഡോണൾഡ് ട്രംപ്. ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങൾ പങ്കുവെച്ചത്. പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന് ഒബാമ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കു വെച്ച കമന്റിനു മറുപടിയായാണ് ട്രംപ് എ.ഐ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ട്രംപുമായി സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥർ എത്തി ഒബാമയെ ഇരുകൈകളിലും പിടിച്ച് ബലമായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയിലിലെ സെല്ലിൽ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രംപിന്റെ 2016 തിരഞ്ഞെടുപ്പ് വിജയത്തിൽ റഷ്യൻ സ്വാധീനമുണ്ടായിരുന്നുവെന്ന വ്യാജ ആരോപണത്തിൽ ഒബാമ വിചാരണ നേരിടണമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ തുൽസി ഗബാർഡ് പ്രഖ്യാപിച്ചതിനു ദിവസങ്ങൾക്കുള്ളിലാണ് എ.ഐ വിഡിയോ പുറത്തു വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ റഷ്യയുടെ സ്വാധീനം സ്ഥാപിക്കുന്നതിനായി ഒബാമയുടെ സുരക്ഷാ കാബിനറ്റ് തയാറാക്കിയ 114 പേജുള്ള തിരുത്തലുകൾ വരുത്തിയ ഇ മെയിലുകൾ കണ്ടെത്തിയതായാണ് ഗബാർഡ് അവകാശപ്പെട്ടത്.
ട്രംപിനെ അപകീർത്തിപ്പെടുത്തുന്നതിനും അട്ടമറി നടത്തുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്ന് ഗബാർഡ് എക്‌സിൽ കുറിച്ചു. എത് അധികാരത്തിലുള്ള ആളാണെങ്കിലും ഈ ഗൂഡാലോചനയിലുൾപ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഗബാർഡ് കുറിച്ചു. അന്വേഷണത്തിനായി എല്ലാ രേഖകളും ഡി.ഒ.ജിക്ക് കൈമാറുമെന്നും അവർ അറിയിച്ചു. ഗബാർഡിന്റെ നീക്കത്തെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
നിലവിൽ ട്രംപ് പങ്കുവെച്ച ഒബാമയെ അറസ്റ്റുചെയ്യുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. വരും ദിവസങ്ങളിൽ ഒബാമയെ അറസ്റ്റു ചെയ്യുമെന്നതിന്റെ മുന്നറിയിപ്പാണോ ഇതെന്ന് സംശയമുയരുന്നുണ്ട്. പലരും ഇത് എ.ഐ ആണെന്ന് തിരിച്ചറിയാതെ പ്രതികരിച്ചു.
