മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്‍ അന്തരിച്ചു


: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്‍ (102) അന്തരിച്ചു. വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസില്‍ വിപ്ലവ വെളിച്ചമായി പതിഞ്ഞ ജനകീയ നേതാവ് ഇനി ഓര്‍മകളിലെ ജ്വലിക്കുന്ന പ്രചോദനമാവും. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്!യുടി ആശുപത്രിയില്‍ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ഇന്ന് വൈകിട്ട് എകെജി പഠന ?ഗവേഷണ കേന്ദ്രത്തില്‍ പൊതു ദര്‍ശനം ഉണ്ടാകും. രാത്രിയില്‍ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധന്‍ രാവിലെ പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം
നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ 'വേലിക്കകത്ത്' വീട്ടില്‍ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് പൂര്‍ണവിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ:കെ വസുമതി. മക്കള്‍: വി എ അരുണ്‍കുമാര്‍, ഡോ. വി ആശ. മരുമക്കള്‍: രജനി ബാലചന്ദ്രന്‍, ഡോ. തങ്കരാജ്.
ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 200611 കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 1980 മുതല്‍ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാണ്.

1923 ഒക്‌ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടില്‍ അയ്യന്‍ ശങ്കരന്റെയും അക്കമ്മ എന്ന കാര്‍ത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദന്‍ ജനിച്ചത്. പുന്നപ്ര പറവൂര്‍ ഗവ. സ്‌കൂളിലും കളര്‍കോട് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം.
നന്നേ ചെറുപ്പത്തില്‍, നാലാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ മരണം. ഏഴാം ക്ലാസില്‍ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിര്‍ത്തി ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി. പിന്നീട് ആലപ്പുഴ ആസ്പിന്‍ വാള്‍ കയര്‍ കമ്പനിയില്‍ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു.


17ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ടി വളര്‍ത്താന്‍ വി എസിന് പ്രചോദനം നല്‍കിയത് പി കൃഷ്ണപിള്ളയായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

1943ല്‍ കോഴിക്കോട്ട് നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമ്മേളനത്തില്‍ ആലപ്പുഴയില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. പുന്നപ്ര-വയലാര്‍ സമര കാലത്ത് പാര്‍ടി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോയി. കോട്ടയത്തെ പൂഞ്ഞാറില്‍ ഒളിവില്‍ കഴിയവെ അറസ്റ്റിലായി. ക്രൂരമായ പൊലീസ് മര്‍ദനത്തിരയായ വി എസ് മരിച്ചുവെന്ന് കരുതി കാട്ടില്‍ തള്ളാന്‍ കൊണ്ടുപോകവെ ജീവനുള്ളതായി കണ്ട് തിരികെ കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ആശുപത്രിയില്‍ നിന്നിറങ്ങിയ വി എസ് ജനകീയ പോരാട്ടങ്ങളുടെ മുന്നണിയില്‍ നിലയുറപ്പിച്ചു. അഴിമതിക്കും ഭരണകൂട ഭീകരതയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. 1956ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും 57ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി. 58ല്‍ നാഷണല്‍ കൗണ്‍സില്‍ അംഗമായി. 1964ല്‍ അവിഭക്ത പാര്‍ടിയില്‍ നിന്ന് പുറത്തുവന്ന 32നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏഴു പേരില്‍ ഒരാളായിരുന്നു വി എസ്. 1964ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസില്‍ വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1985ല്‍ പിബി അംഗമായി. 2016ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനായി വി എസിനെ നിയമിച്ചു