ന്യൂഡല്‍ഹി: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയില്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് (ഇ ഡി) സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. മുഡ ഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും കര്‍ണാടക മന്ത്രിക്കും നല്‍കിയ സമന്‍സ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലായിരുന്നു സുപ്രിം കോടതി വിമര്‍ശനം ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദയവായി തങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുതെന്നും അല്ലാത്തപക്ഷം ഇ ഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും നിര്‍ഭാഗ്യവശാല്‍ മഹാരാഷ്ട്രയില്‍ ചില അനുഭവങ്ങളുണ്ടെന്നും നിങ്ങള്‍ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുതെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ പോരാട്ടങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നത് എന്ന ചോദ്യവും ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി ഉന്നയിച്ചു. ഇ ഡിയുടെ അപ്പീല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
കക്ഷികള്‍ക്ക് ഉപദേശം നല്‍കിയതിന് അഭിഭാഷകര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ടുള്ള സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലും സുപ്രിം കോടതി ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ചു. സീനിയര്‍ അഭിഭാഷകരായ അരവിന്ദ് ദതാര്‍, പ്രതാപ് വേണുഗോപാല്‍ എന്നിവര്‍ക്കാണ് ഇ ഡി നോട്ടീസയച്ചത്.