തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ കീഴില്‍ തിരുവനന്തപുരത്തും ആലുവയിലുമുള്ള എല്ലാ കേന്ദ്രങ്ങളിലും ഡ്രോണ്‍ നിയന്ത്രണം കര്‍ശനമാക്കി. തിരുവനന്തപുരം വേളി, തുമ്പ എന്നിവിടങ്ങളിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററുകള്‍ (വിഎസ്എസ്സി), വലിയമല ലിക്വിഡ് പ്രോപ്പല്‍ഷന്‍ സിസ്റ്റംസ്സ് സെന്റ്റര്‍ (എല്‍പിഎസ്സി), വട്ടിയൂര്‍ക്കാവ് ഐഎസ്ആര്‍ഒ ഇനര്‍ഷ്യല്‍ സിസ്റ്റംസ്സ് യൂണിറ്റ്, ആലുവ അമോണിയം പെര്‍ക്ലോറേറ്റ് എക്‌സ്പിരിമെന്റല്‍ പ്ലാന്റ് തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോണ്‍ നിരോധിത പ്രദേശത്ത് ഉള്‍പ്പെടുന്നു.
ഐഎസ്ആര്‍ഒയുടെ സാമഗ്രികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സെന്‍സിറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഈ സ്ഥാപനങ്ങളുടെ രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍, ലാന്റ്റേണ്‍ കൈറ്റുകള്‍, റിമോട്ട് നിയന്ത്രിത വിമാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.
പ്രദേശം ഡ്രോണ്‍ നിരോധിത മേഖലയായി കേരള ഗവണ്‍മെന്റ് ഉത്തരവുകള്‍ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദേശങ്ങളുടെ ലംഘനം നടത്തിയാല്‍ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കര്‍ശന തുടര്‍നടപടി കൈക്കൊള്ളുമെന്ന് വിഎസ്എസ്സി അറിയിച്ചു.