സാന്‍ഫ്രാന്‍സിസ്‌കോ: ആഴ്ചയിലെ ഏഴു ദിവസവും ജോലി ചെയ്യുകയും ഓഫിസില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന തന്റെ വെല്ലുവിളി നിറഞ്ഞ ജീവിത ശൈലിയിലേക്ക് തിരിച്ചെത്തിയെന്ന് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ തന്റെ കര്‍ശനമായ പതിവ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. എക്സിലെ ഒരു സമീപകാല പോസ്റ്റില്‍ താന്‍ വീണ്ടും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യുന്നുണ്ടെന്നും 'യുദ്ധകാല മോഡ്' എന്ന അവസ്ഥയിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കഠിനമായ മുന്‍കാല ഷെഡ്യൂളുകള്‍ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് വൈകാരികമായി ചിന്തിക്കുന്ന മസ്‌കിനെയും കാണാം. ടെസ്ല തകര്‍ച്ചയുടെ വക്കിലെത്തിയ പ്രക്ഷുബ്ധമായ ദിവസങ്ങളില്‍ നിന്നുള്ളതാണ് മസ്‌ക് പങ്കിട്ട വീഡിയോ. 'ഇത്രയും മണിക്കൂറുകള്‍ ആരും ജോലിയില്‍ വിനിയോഗിക്കരുതെന്നും ഇത് നല്ലതല്ലെന്നും വളരെ വേദനാജനകമാണെന്നും തന്റെ തലച്ചോറിനെയും ഹൃദയത്തെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
മസ്‌കിനെ ഇപ്പോള്‍ ഈ അക്ഷീണമായ ജോലി ദിനചര്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ നിരവധി സംരംഭങ്ങളിലെ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദമാണ്. എക്സിലെ മാറ്റങ്ങള്‍, ടെസ്ലയിലും സ്പേസ് എക്സിലും അഭിലാഷകരമായ സമയക്രമങ്ങള്‍, എഐയിലെയും സര്‍ക്കാര്‍ പരിഷ്‌കരണത്തിലെയും പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മസ്‌ക് ദിവസം മുഴുവന്‍ ജോലി ചെയ്യുന്നത് ഇതാദ്യമല്ല. പല അഭിമുഖങ്ങളിലും സാഹചര്യം ആവശ്യപ്പെടുമ്പോള്‍ താന്‍ അമിതമായി പ്രവര്‍ത്തിക്കാറുണ്ടെന്ന് മസ്‌ക് സമ്മതിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ താനും തന്റെ സംഘവും ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി ചെയ്യുമെന്നും 'ഉദ്യോഗസ്ഥ എതിരാളികള്‍' ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും മസ്‌ക് പറഞ്ഞിരുന്നു. 'അതുകൊണ്ടാണ് അവര്‍ ഇത്ര വേഗത്തില്‍ തോല്‍ക്കുന്നത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-ല്‍ നല്‍കിയ അഭിമുഖത്തില്‍ ടെസ്ലയുടെ മോഡല്‍ 3 ഉത്പാദന പ്രതിസന്ധിയില്‍ 120 മണിക്കൂര്‍ വീതം ആഴ്ചകള്‍ ചെലവഴിച്ചതിനെക്കുറിച്ചും ഫാക്ടറി തറയില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചും മസ്‌ക് വിവരിച്ചു. അത് ജീവിതമോ മരണമോ ആയിരുന്നുവെന്നും തങ്ങള്‍ക്ക് 50 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടുകയായിരുന്നുവെന്നും ചിലപ്പോള്‍ ആഴ്ചയില്‍ 100 മില്യണ്‍ ഡോളറും നഷ്ടപ്പെടാറുണ്ടായിരുന്നുവെന്നും പണം തീര്‍ന്നതായും മസ്‌ക് പറഞ്ഞു. ഗെയ്ല്‍ കിംഗിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ ടെസ്ല ഫാക്ടറിയില്‍ ഉറങ്ങിയതായി മസ്‌ക് പറഞ്ഞു.
നിക്ഷേപകനായ റോണ്‍ ബാരോണുമായുള്ള 2022ലെ സംഭാഷണത്തില്‍ ടെസ്ലയുടെ ഫ്രീമോണ്ടിലെയും നെവാഡയിലെയും ഫാക്ടറികളില്‍ മൂന്ന് വര്‍ഷമായി താന്‍ താമസിച്ചിരുന്നുവെന്നും മേല്‍ക്കൂരയിലോ മേശയ്ക്കടിയിലോ ഒരു ടെന്റില്‍ പോലും ഉറങ്ങിയിരുന്നതായും മസ്‌ക് വെളിപ്പെടുത്തി. നിലത്ത് ഉറങ്ങുന്നത് വളരെ അസ്വസ്ഥമായിരുന്നുവെന്നും എപ്പോഴും ഉണരുമ്പോള്‍ ലോഹപ്പൊടി മണക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അക്ഷീണം ജോലി ചെയ്യുന്ന രീതി മസ്‌ക് പലപ്പോഴും തനിക്കപ്പുറത്തേക്കും വ്യാപിപ്പിക്കുകയും 2022 അവസാനത്തില്‍ അദ്ദേഹം ട്വിറ്റര്‍ സ്വന്തമാക്കിയപ്പോള്‍ തന്റെ ജീവനക്കാരോടും അതേ കാര്യം ആവശ്യപ്പെട്ടു. ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഇമെയിലില്‍ കമ്പനിയില്‍ തുടരാന്‍ 'ഉയര്‍ന്ന തീവ്രതയില്‍ ദീര്‍ഘനേരം' ചെലവഴിക്കണമെന്ന് മസ്‌ക് ട്വിറ്റര്‍ ജീവനക്കാരോട് പറഞ്ഞു. 'അങ്ങേയറ്റം കഠിനമായ' തൊഴില്‍ നൈതികത എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പിരിച്ചുവിടല്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്തു.
ഏറ്റെടുക്കലിനെത്തുടര്‍ന്ന് ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ഓഫീസ് ഒരു ക്വാസി- ഡോര്‍മിറ്ററിയാക്കി മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് നഗരത്തിലെ കെട്ടിട പരിശോധനാ വകുപ്പിന്റെ അന്വേഷണത്തിന് കാരണമായി. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് മസ്‌ക് ഓഫീസ് സ്ഥലങ്ങളെ താത്ക്കാലിക കിടപ്പുമുറികളാക്കി നിയമവിരുദ്ധമായി മാറ്റിയതായി മുന്‍ ജീവനക്കാര്‍ ആരോപിച്ചു. ഇത് ചിലര്‍ ആ സ്ഥാനത്തെ 'ട്വിറ്റര്‍ ഹോട്ടല്‍' എന്ന് വിളിക്കാന്‍ കാരണമായി.
