ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ എഐ ടൂളുകളുടെ സഹായം തേടരുതെന്ന് ഹൈക്കോടതി

ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ എഐ ടൂളുകളുടെ സഹായം തേടരുതെന്ന് ഹൈക്കോടതി


കൊച്ചി: ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ സഹായം തേടരുതെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി ഇക്കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നിഗമനങ്ങളില്‍ എത്തിച്ചേരാനോ, ഉത്തരവുകളോ വിധിന്യായങ്ങളോ പുറപ്പെടുവിക്കാനോ എ ഐ സഹായം ഉപയോഗിക്കരുതെന്നും മാര്‍ഗ്ഗനിര്‍ദേശം വ്യക്തമാക്കുന്നു. 

എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത വേണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി കൃത്യമായ പരിശീലനം നേടണം. ഇതിനായി ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. എഐ ടൂളുകള്‍ ഉപയോഗിക്കുണ്ടെങ്കില്‍ അവ അംഗീകൃതമായവ മാത്രമായിരിക്കണം. ഉപയോഗത്തിന്റെ എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണം. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ അപാകം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഹൈക്കോടതി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യത, ഡേറ്റയുടെ സുരക്ഷ എന്നിവയെ ബാധിക്കും എന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ഐ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും തെറ്റായതോ, അപൂര്‍ണ്ണമോ, പക്ഷപാതപരമോ ആകാനിടയുണ്ട്. ഇത്തരം സംവിധാനങ്ങള്‍ നല്‍കുന്ന നിയമപരമായ ഉദ്ധരണികള്‍, റഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ ഏതൊരു ഫലവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമായി പരിശോധിക്കണം. ജുഡീഷ്യല്‍ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളക്കത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജഡ്ജിമാരുടേതാണ് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.