സി ഐ എ ആസ്ഥാനത്തിന് പുറത്ത് ഒരാള്‍ക്ക് വെടിയേറ്റു

സി ഐ എ ആസ്ഥാനത്തിന് പുറത്ത് ഒരാള്‍ക്ക് വെടിയേറ്റു


വിര്‍ജീനിയ: ലാംഗ്ലിയിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) ആസ്ഥാനത്തിന് പുറത്ത് ഒരാള്‍ക്ക് വെടിയേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആസ്ഥാനത്തിന് പുറത്ത് 'സുരക്ഷയുമായി ബന്ധപ്പെട്ട സംഭവം' നടന്നതായി സി ഐ എ വക്താവ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റിന് പുറത്ത് 'ഒരാളെ പിടികൂടിയതായും' വെടിവെയ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ വിസമ്മതിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സിലെ ഒരു പോസ്റ്റില്‍ തങ്ങളുടെ ലാംഗ്ലി കോമ്പൗണ്ടിന്റെ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്നും ജീവനക്കാരോട് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദ്ദേശിച്ചതായും രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു.

പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം നടന്നതെന്ന് ഫെയര്‍ഫാക്‌സ് പൊലീസ് വക്താവ് എബിസി ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച രാത്രി വാഷിംഗ്ടണില്‍ രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍തോക്കുധാരിയാല്‍ കൊല്ലപ്പെട്ടതിന്റെ ഒരു ദിവസത്തിന് ശേഷമാണ് സംഭവം. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ ഒരു ജൂത മ്യൂസിയത്തില്‍ ഒരു പരിപാടിയില്‍ നിന്ന് പുറത്തുപോകുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. 

ഷിക്കാഗോയില്‍ നിന്നുള്ള 31കാരനായ ഏലിയാസ് റോഡ്രിഗസ് എന്ന പ്രതി അറസ്റ്റിലായ ശേഷം 'സ്വതന്ത്ര പാലസ്തീന്‍' എന്ന് ഉറക്കെ വിളിച്ചതായി പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട രണ്ടുപേരും വിവാഹനിശ്ചയം നടത്താന്‍ പോകുന്ന യുവ ദമ്പതികളായിരുന്നു. ഇസ്രായേലി പൗരന്‍ യാരോണ്‍ ലിഷിന്‍സ്‌കിയും അമേരിക്കക്കാരിയായ സാറ മില്‍ഗ്രിമുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി യു എസിലെ ഇസ്രായേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ പറഞ്ഞു.