വാഷിംഗ്ടണ്‍: യുഎസിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നുണ്ടോ? എന്ന ചോദ്യം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ റെഡ്ഡിറ്റില്‍ ഉന്നയിച്ച ഒരു ഉപഭോക്താവിന് മറുപടിയായി കിട്ടിയത് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍.
മോശം അനുഭവങ്ങള്‍ നേരിടുന്നുവെന്ന് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തരം പ്രചരണങ്ങള്‍അടിസ്ഥാന രഹിതമാണെന്നാണ് മറ്റു ചിലരുടെ പ്രതികരണം. തന്റെ അനുഭവം വിവരിച്ച റെഡ്ഡിറ്റ് യൂസര്‍ ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭയം ജനിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ഗ്രീന്‍ കാര്‍ഡ് ഉടമയായ തനിക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റിന് താഴെ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ച് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.
റെഡ്ഡിറ്റ് പോസ്റ്റ് ഇങ്ങനെ
'മെക്‌സിക്കോ സിറ്റിയില്‍നിന്ന് ഡാലസിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാന്‍. വിവാഹത്തിലൂടെ ഗ്രീന്‍ കാര്‍ഡ് ലഭിച്ചയാളാണ്. കഴിഞ്ഞ 14 വര്‍ഷമായി യുഎസിലാണ് താമസം. എനിക്കൊരു പാര്‍ക്കിങ് ടിക്കറ്റ് പോലും ലഭിച്ചിട്ടില്ല. എനിക്ക് കണക്ഷന്‍ ഫ്‌ലൈറ്റ് കിട്ടാന്‍ വൈകുകയായിരുന്നു, കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്റെ ബുദ്ധിമുട്ട് മനസിലാക്കി പെരുമാറി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ധാരാളം തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു'. ഇദ്ദേഹത്തിന്റെ അനുഭവത്തെ പിന്തുണച്ച് നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്.
വംശീയത പ്രചരിപ്പിക്കുന്നത് താന്‍ വെറുക്കുന്നു എന്ന് തുടങ്ങിയാണ് ഒരാളുടെ കമന്റ്. നിയമപരവും നിയമവിരുദ്ധവുമായി വരുന്നവരില്‍ കൂടുതല്‍ ലാറ്റിന്‍ വംശജരായതിനാലാണ് അവരെ തടയുന്നത്. നിയമപരമായി വരുന്നവര്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാം. നിയമവിരുദ്ധമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. ഈ രാജ്യത്തെക്കുറിച്ച് എനിക്കിഷ്ടമുള്ള കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളം വഴി വന്നു, വിസ ലൈന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. ആര്‍ക്കും 30 സെക്കന്‍ഡില്‍ കൂടുതല്‍ എടുത്തില്ലെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.
ഗ്രീന്‍ കാര്‍ഡുടമയായ തന്റെ ഭാര്യയും താനും മെക്‌സിക്കോയിലേക്ക് വണ്ടി ഓടിച്ചുപോവുകയും തിരികെ വരികയും ചെയ്തുവെന്നും ഒരു നായ ട്രങ്കിന്റെ അടുത്തുവന്ന് മണം പിടിച്ചതല്ലാതെ അവരാരും തങ്ങളോട് സംസാരിച്ചില്ലെന്നും മറ്റൊരാള്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് താന്‍ വിദേശത്ത് നിന്ന് വന്നു. എന്റെ പഴയ ഗ്രീന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതാണ്, എങ്കിലും എക്സ്റ്റന്‍ഷന്‍ ലെറ്റര്‍ എന്റെ കൈയിലുണ്ടായിരുന്നു. വളരെ സുഗമമായ യാത്രയായിരുന്നു തന്റേതെന്നും മറ്റൊരു റെഡ്ഡിറ്റ് യൂസര്‍ കമന്റ് ചെയ്തു.
കൊളംബിയയില്‍നിന്ന് തിരിച്ചെത്തി വെറും 10 സെക്കന്‍ഡിനുള്ളില്‍ കടന്നുപോകാന്‍ കഴിഞ്ഞുവെന്നാണ് മറ്റൊരാളുടെ പ്രതികരണം. കൊളംബിയയിലേക്ക് എന്തിനാണ് യാത്ര ചെയ്തതെന്ന ഒരൊറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ. താന്‍ ഉത്തരം നല്‍കി, പെട്ടെന്ന് പാസ് ലഭിച്ചുവെന്നും ഒരു കുഴപ്പവുമില്ലെന്നും മറ്റൊരാള്‍ പറഞ്ഞു.
അതേസമയം യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പല യാത്രക്കാരും വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നുണ്ട്. ഇത് യാത്രക്കാര്‍ക്കിടയില്‍ അസ്വസ്ഥതയ്ക്ക് കാരണമാകുന്നുണ്ട്.
യുഎസിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടോ ? റെഡ്ഡിറ്റിലെ പോസ്റ്റ് ചര്‍ച്ചയാകുന്നു
