പ്രെട്ടി വധം റിപ്പബ്ലിക്കൻ പാർട്ടിയിലും ഭിന്നത; തോക്ക് കൈവശം വയ്ക്കൽ ഭരണഘടനാവകാശമെന്ന് നേതാക്കൾ

പ്രെട്ടി വധം റിപ്പബ്ലിക്കൻ പാർട്ടിയിലും ഭിന്നത; തോക്ക് കൈവശം വയ്ക്കൽ ഭരണഘടനാവകാശമെന്ന് നേതാക്കൾ


വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാർ വെടിവെച്ച് കൊലപ്പെടുത്തിയ അലക്‌സ് പ്രെട്ടിയുടെ മരണം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഡെമോക്രാറ്റുകൾക്കൊപ്പം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലും വിഷയത്തിൽ ഭിന്നത ശക്തമാകുകയാണ്.

പ്രെട്ടി തോക്ക് ' ഉയർത്തിക്കാട്ടിയതിനാലാണ്' വെടിവെച്ചതെന്നാണ് ഫെഡറൽ അധികൃതരുടെ വിശദീകരണം. എന്നാൽ പ്രെട്ടിയുടെ തോക്ക് നിയമപരമായി രജിസ്റ്റർ ചെയ്തതായിരുന്നു, ഇയാൾ അത് ഭീഷണിയായി ഉപയോഗിച്ചില്ല, ആയുധം നീക്കം ചെയ്തതിന് ശേഷമാണ് വെടിവെയ്പ്പുണ്ടായതെന്നുമാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്.

ഇതോടെ ട്രംപ് അനുകൂല റിപ്പബ്ലിക്കൻ വിഭാഗത്തിനുള്ളിലും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു.  അതിർത്തി സുരക്ഷയെയും നിയമനടപടികളെയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും രണ്ടാം ഭേദഗതി നൽകുന്ന ആയുധാവകാശം വിട്ടുകൊടുക്കാനാവില്ലെന്ന് മുൻ കോൺഗ്രസ് അംഗം മാർജറി ടെയ്‌ലർ ഗ്രീൻ പ്രതികരിച്ചു. 'നിയമപരമായി തോക്ക് കൈവശം വയ്ക്കുന്നതും ഭീഷണിയായി ഉപയോഗിക്കുന്നതും ഒന്നല്ല,' അവർ പറഞ്ഞു.

റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം തോമസ് മാസിയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. 'തോക്ക് കൈവശം വയ്ക്കുന്നതിന് മരണശിക്ഷയല്ല. അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്,' അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

തോക്കവകാശ സംഘടനയായ നാഷണൽ റൈഫിൾ അസോസിയേഷനും രംഗത്തെത്തി. ഫെഡറൽ ഏജന്റുമാരുടെ സമീപനം അപകടകരമാണെന്ന് വിമർശിച്ച സംഘടന, സമ്പൂർണ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് നിയമം പാലിക്കുന്ന പൗരന്മാരെ കുറ്റവാളികളാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രെട്ടി വധത്തെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധങ്ങളും രാഷ്ട്രീയ തർക്കങ്ങളും തുടരുകയാണ്.
ഇതിനിടയിൽ മിനിയാപൊളിസിലെ സംഭവങ്ങൾ വിശദമായി പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ കേന്ദ്ര സേനയെ ഇവിടെനിന്ന് പിൻവലിക്കുമെന്ന് പ്രസിഡന്റ് ട്രംപ് വാൾസ്ട്രീറ്റ് ജേർണലുമായുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു.എന്നാൽ എപ്പോൾ കേന്ദ്ര സേനയെ മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.