ടെഹ്‌റാന്‍: ഇറാനില്‍ തുടരുന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ജനുവരി 8, 9 തിയ്യതികളില്‍ നടന്ന സുരക്ഷാസേനയുടെ കടുത്ത അടിച്ചമര്‍ത്തലില്‍ 36,500ലധികം പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ ഇന്റര്‍നാഷണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് പരിശോധിച്ച രഹസ്യ സര്‍ക്കാര്‍ രേഖകളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടാല്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും രക്തപാതകമായ രണ്ടുദിവസത്തെ പ്രതിഷേധക്കാര്‍ക്കെതിരായ കൂട്ടക്കൊലയായിരിക്കും.
ഇറാന്റെ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള രേഖകളും സ്ഥല റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി ഇതിന് മുമ്പ് കുറഞ്ഞത് 12,000 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ രേഖകള്‍ പ്രകാരം രാജ്യത്തുടനീളം 400ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും പ്രതിഷേധക്കാരെ സുരക്ഷാസേന നേരിട്ടിട്ടുണ്ട്. നാലായിരത്തിലധികം ഇടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും രേഖകള്‍ വ്യക്തമാക്കുന്നു.
ഇറാന്‍ ഇന്റര്‍നാഷണല്‍ പരിശോധിച്ച ആഭ്യന്തര മന്ത്രാലയ രേഖകള്‍ അനുസരിച്ച്, ജനുവരി 21ന് പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ മരണസംഖ്യ കുറഞ്ഞത് 27,500 ആയി രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ ഇത് 36,500ലധികമായി ഉയര്‍ന്നതായി വ്യക്തമാക്കുന്നു.
അതേസമയം, ഇറാനില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടാതെ 400 മണിക്കൂറിലേറെയായി തടസ്സം തുടരുകയാണ്. ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ നെറ്റ്ബ്ലോക്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രാജ്യത്തെ കണക്റ്റിവിറ്റി സാധാരണ നിലയുടെ ഏകദേശം ഒരു ശതമാനത്തോളം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
