100 മില്യണ്‍ ഡോളര്‍ ആഭരണ കവര്‍ച്ച കേസിലെ പ്രതിയെ വിചാരണയ്ക്കു മുമ്പ് അമേരിക്ക നാടുകടത്തി

100 മില്യണ്‍ ഡോളര്‍ ആഭരണ കവര്‍ച്ച കേസിലെ പ്രതിയെ വിചാരണയ്ക്കു മുമ്പ് അമേരിക്ക നാടുകടത്തി


വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ കവര്‍ച്ചകളിലൊന്നിലെ പ്രതിയായ ജെസണ്‍ നെലോണ്‍ പ്രെസില്ല ഫ്‌ളോറസിനെ 2025 ഡിസംബറില്‍ ഇക്വഡോറിലേക്ക് അമേരിക്ക നാടുകടത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ 2022 ജൂലായില്‍ ബ്രിങ്ക്‌സ് കമ്പനിയുടെ ആര്‍മര്‍ഡ് ട്രക്കില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വജ്രങ്ങള്‍, മരതകം, സ്വര്‍ണം, മാണിക്യം, ആഡംബര വാച്ചുകള്‍ എന്നിവ കവര്‍ന്നെന്ന കേസില്‍ വിചാരണ ഒഴിവാക്കി ഫ്‌ളോറസ് സ്വതന്ത്രനായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതി അമേരിക്കയില്‍ നിന്നും പുറത്തായതോടെ ക്രിമിനല്‍ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത് 'സിസ്റ്റത്തിലെ ഗുരുതരമായ പോരായ്മ' പുറത്തുകൊണ്ടുവരുന്നതായും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഫ്‌ളോറസിനെതിരെ മറ്റ് ആറുപേരോടൊപ്പം കവര്‍ച്ചയില്‍ പങ്കുണ്ടെന്നാരോപിച്ച് കുറ്റം ചുമത്തിയിരുന്നു. ആര്‍മര്‍ഡ് ട്രക്ക് പിന്തുടര്‍ന്നെന്ന പ്രത്യേക കുറ്റവും ഫ്‌ളോറസിനെതിരെ ചുമത്തിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ ഫെഡറല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന സാഹചര്യമായിരുന്നു. എന്നാല്‍ 2025 ജൂണില്‍ നടന്ന ആദ്യ കോടതി ഹാജരില്‍ ഫ്‌ളോറസ് കുറ്റം നിഷേധിച്ചിരുന്നു.

കോടതി രേഖകള്‍ പ്രകാരം ഓഗസ്റ്റില്‍ ഫ്‌ളോറസിന് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന്, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐ സി ഇ) കസ്റ്റഡിയിലേക്ക് 'ഡിറ്റെയ്നര്‍' അടിസ്ഥാനത്തില്‍ കൈമാറിയതായി സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2025 സെപ്റ്റംബര്‍ 2ന് കൈമാറ്റ നോട്ടീസ് ലഭിക്കുന്നതുവരെ ഇമിഗ്രേഷന്‍ ഡിറ്റെയ്നറിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ സി ഇ രേഖകള്‍ അനുസരിച്ച് 2025 മാര്‍ച്ച് 4 വരെ ഫ്‌ളോറസ് നിയമപരമായ സ്ഥിരതാമസക്കാരനായിരുന്നു.

സ്വമേധയാ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2025 ഡിസംബര്‍ 29നാണ് ഫ്‌ളോറസിനെ ഇക്വഡോറിലേക്ക് നാടുകടത്തിയത്.

പ്രോസിക്യൂട്ടര്‍മാര്‍ക്ക് അറിയാതെ പ്രതിയെ ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ എടുത്തതായും അവിടെ അദ്ദേഹത്തിന് രണ്ട് വഴികളാണ്ടായിരുന്നതെന്നും കോടതി രേഖകളില്‍ യു എസ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കുന്നു. സ്ഥിരതാമസ പദവി ഉറപ്പാക്കി ക്രിമിനല്‍ കേസ് നേരിട്ട് ദീര്‍ഘകാല ശിക്ഷയും തുടര്‍ന്ന് നാടുകടത്തലും ഏറ്റുവാങ്ങുകയോ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ അവകാശങ്ങള്‍ ഉപേക്ഷിച്ച് സ്വയം നാടുകടത്തലിന് തയ്യാറായി ക്രിമിനല്‍ നടപടികള്‍ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുകയായിരുന്നു വഴികള്‍. അതില്‍ രണ്ടാമത്തെ വഴി ഫ്‌ളോറന്‍സ് തെരഞ്ഞെടുക്കുകയായിരുന്നു. 

ഡിസംബര്‍ 16ന് നടന്ന ഇമിഗ്രേഷന്‍ ഹിയറിംഗില്‍ ഫ്‌ളോറസ് നേരത്തെ കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ആരോപണങ്ങള്‍ സമ്മതിച്ച് ചിലിയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാനം ഇക്വഡോറിലേക്കാണ് നാടുകടത്തിയത്.

ഫ്‌ളോറസിന്റെ അഭിഭാഷകന്‍ ജോണ്‍ ഡി റോബര്‍ട്ട്‌സണ്‍ 2026 ജനുവരി ആദ്യവാരത്തിലാണ് നാടുകടത്തല്‍ വിവരം അറിഞ്ഞത്. ജനുവരി 8ന് അദ്ദേഹം കേസ് കൈകാര്യം ചെയ്യുന്ന യു എസ് അറ്റോര്‍ണിയെ ഇമെയില്‍ വഴി അറിയിക്കുകയും അടുത്ത ദിവസം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.

പ്രസില്ലയുടെ നിയമപരമായ നില കണക്കിലെടുത്ത് നാടുകടത്തലിനെക്കുറിച്ച് അമ്പരപ്പ്  ഉണ്ടെന്നായിരുന്നു യു എസ് അസിസ്റ്റന്റ് അറ്റോര്‍ണി ജീന എ മാക്കേബയുടെ പ്രതികരണം എന്ന് കോടതി രേഖകള്‍ സൂചിപ്പിക്കുന്നു. കേസിലെ മുഴുവന്‍ നടപടിക്രമങ്ങളും തങ്ങള്‍ക്ക് അറിയാതെയായിരുന്നുവെന്ന് അസിസ്റ്റന്റ് യു എസ് അറ്റോര്‍ണിമാരായ കെവിന്‍ ബട്ട്‌ലറും മാക്കേബയും വ്യക്തമാക്കി.

ജീവിതകാല സമ്പാദ്യം നഷ്ടപ്പെട്ട തങ്ങളുടെ ക്ലയന്റുകള്‍ക്ക് ഈ ഫലം സിസ്റ്റത്തിലെ വലിയ പോരായ്മയാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ സുതാര്യത ആവശ്യമുണ്ടെന്നുമാണ് കവര്‍ച്ചയില്‍ ഇരയായ ചില ജ്വല്ലറുകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ജെറി ക്രോള്‍ ലോസ് ആഞ്ചലസ് ടൈംസിനോട് പറഞ്ഞത്.

ഫ്‌ളോറസ് വീണ്ടും അമേരിക്കയിലേക്ക് മടങ്ങിയാല്‍ ഭാവിയില്‍ കേസെടുക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.