ന്യൂഡല്‍ഹി: ഇന്ത്യയെ മികച്ച രീതിയില്‍ ലോകത്തിന് പരിചയപ്പെടുത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രശസ്ത എഴുത്തുകാരനുമായ മാര്‍ക്ക് ടള്ളി സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു.
പുരസ്‌ക്കാര ജേതാവായ അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി സാകേത്തിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഉച്ചയോടെ സാകേത് മാക്സ് ആശുപത്രിയിലാണ് മാര്‍ക്ക് അന്തരിച്ചതെന്ന് ടള്ളിയുടെ അടുത്ത സുഹൃത്തും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സതീഷ് ജേക്കബിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തേയും ഇന്ത്യന്‍ ഗ്രാമീണ ജീവിതങ്ങളേയും ആഗോള മാധ്യമ ശ്രദ്ധയിലെത്തിച്ച അദ്ദേഹം 22 വര്‍ഷത്തോളം ബി ബി സി ഇന്ത്യയുടെ ബ്യൂറോ ചീഫായിരുന്നു.
1935ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച മാര്‍ക്ക് ടള്ളി പത്തു വയസ്സുവരെ ഇന്ത്യയിലാണ് വളര്‍ന്നത്. കേംബ്രിജില്‍ നിന്ന് ദൈവശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടിയ അദ്ദേഹം വൈദികനാകാന്‍ ആഗ്രഹിച്ച് സന്നദ്ധ സേവനം നടത്തിയാണ് മാധ്യമ പ്രവര്‍ത്തനത്തിലെത്തിയത്. 1965ല്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായാണ് ബി ബി സിയുടെ ഡല്‍ഹി ഓഫിസിലെത്തിയത്.
വോയ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ അദ്ദേഹം നടത്തിയ പരിപാടി ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം, അടിയന്തരാവസ്ഥ എന്നീ സന്ദര്‍ഭങ്ങളില്‍ രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടെങ്കിലും തിരികെ എത്തുകയായിരുന്നു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1979ല്‍ വധശിക്ഷയ്ക്ക് മുമ്പ് ഭൂട്ടോ പറഞ്ഞ 'ഞാന്‍ നിരപരാധിയാണ്' എന്ന വാക്കുകള്‍ ടള്ളിയിലൂടെയാണ് ലോകം കേട്ടത്. 1984ലെ സൈനിക നടപടിയെ കുറിച്ച് സതീഷ് ജേക്കബുമായി ചേര്‍ന്നെഴുതിയ അമൃതസര്‍: മിസിസ് ഗാന്ധീസ് ലാസ്റ്റ് ബാറ്റില്‍ എന്ന പുസ്തകം പ്രസിദ്ധമാണ്. മാധ്യമ രംഗത്തെ അതുല്യ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2005ല്‍ പത്മഭൂഷണും നല്‍കി.
