'ലോകനേതാക്കൾക്കുള്ളതിലും മികച്ച ചികിത്സ എല്ലാവർക്കും' : ആരോഗ്യരംഗം എഐ കൈയ്യടക്കുമെന്ന് ഇലോൺ മസ്‌ക്

'ലോകനേതാക്കൾക്കുള്ളതിലും മികച്ച ചികിത്സ എല്ലാവർക്കും' : ആരോഗ്യരംഗം എഐ കൈയ്യടക്കുമെന്ന് ഇലോൺ മസ്‌ക്


ലോസ് ആഞ്ചലസ്: ഭാവിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെക്കുറിച്ച് വീണ്ടും ചർച്ച ഉയർത്തി ടെസ്‌ല-സ്‌പേസ്എക്‌സ് മേധാവി ഇലോൺ മസ്‌ക്. കൃത്രിമ ബുദ്ധി (എഐ) നിലവിലെ ലോകനേതാക്കൾക്കു ലഭിക്കുന്നതിലും മികച്ച ചികിത്സ സാധാരണക്കാർക്കും എത്തിക്കുന്ന കാലം വിദൂരമല്ലെന്നാണു മസ്‌കിന്റെ വിലയിരുത്തൽ.
എക്‌സ് പ്രൈസ്  ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ പീറ്റർ എച്ച്. ഡയമാൻഡിസ്, ഡേറ്റ സെയ്ജ്  സഹസ്ഥാപകൻ ഡേവിഡ് ബ്ലണ്ടിൻ എന്നിവർക്കൊപ്പം നടത്തിയ പോഡ്കാസ്റ്റിലായിരുന്നു മസ്‌കിന്റെ പരാമർശം. 'ഒരു ദിവസം ലോകോത്തര ചികിത്സ എല്ലാവർക്കും ലഭ്യമാകും. പ്രസിഡന്റുമാർക്ക് ഇന്ന് ലഭിക്കുന്നതിനെക്കാളും മികച്ച ആരോഗ്യ സംരക്ഷണം സാധാരണ ആളുകൾക്ക് എഐ വഴിയെത്തുമെന്ന് മസ്‌ക് പറഞ്ഞു.

@unusual_whales എന്ന അക്കൗണ്ടിലൂടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ച വീഡിയോ ക്ലിപ്പ് വലിയ ശ്രദ്ധ നേടുകയാണ്. രോഗനിർണയം മുതൽ ചികിത്സാ പദ്ധതികൾ വരെ എഐ കൂടുതൽ കൃത്യതയോടെ കൈകാര്യം ചെയ്യുന്ന കാലം അടുത്തുതന്നെയാണെന്നും, ഇതോടെ മെഡിക്കൽ വിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
മസ്‌കിന്റെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. എഐ ആരോഗ്യരംഗത്തെ ജനാധിപത്യവൽക്കരിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ലോകമാകെ ഉയരുന്നത്.