ദാവോസ് / വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ നേറ്റോ സഖ്യരാജ്യങ്ങൾ യുഎസിനെ പൂർണമായി സഹായിച്ചില്ലെന്ന പരാമർശം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് സൈനികരെ പ്രശംസിച്ച് 'നിങ്ങളെ ഞങ്ങൾ സ്‌നേഹിക്കുന്നു' എന്ന സന്ദേശമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പങ്കുവച്ചത്.
'ബ്രിട്ടന്റെ മഹാന്മാരായ ധീര സൈനികർ എപ്പോഴും അമേരിക്കയ്‌ക്കൊപ്പം തന്നെയായിരിക്കും. അഫ്ഗാനിസ്ഥാനിൽ 457 പേർ വീരമൃത്യു വരിച്ചു; നിരവധി പേർ ഗുരുതരമായി പരിക്കേറ്റു. അവർ ലോകത്തിലെ മികച്ച യോദ്ധാക്കളിൽ പെടുന്നവരാണ്. ഈ ബന്ധം ഒരിക്കലും തകരില്ല,' ട്രംപ് കുറിച്ചു. 'ഹൃദയവും ആത്മാവുമുള്ള യു.കെ സൈന്യം യുഎസിന് പിന്നാലെ രണ്ടാമതാണ്. നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്‌നേഹിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ട്രംപ് നടത്തിയ പ്രസംഗത്തിലാണ് വിവാദം തുടങ്ങിയത്. 'നേറ്റോയിൽ നിന്ന് യുഎസിന് ഒന്നും ലഭിച്ചിട്ടില്ല' എന്നും അഫ്ഗാൻ യുദ്ധത്തിൽ സഖ്യരാജ്യങ്ങൾ 'മുൻനിരയിൽ നിന്ന് മാറി അകലെയാണ് നിലകൊണ്ടത്' എന്നും ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ ഫോക്‌സ് ന്യൂസ് അഭിമുഖത്തിലും ഇതേ നിലപാട് ആവർത്തിച്ചതോടെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ശക്തമായി പ്രതികരിച്ചു.
ട്രംപിന്റെ പരാമർശങ്ങളെ 'അപമാനകരവും ഞെട്ടിപ്പിക്കുന്നതും' എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ട 457 ബ്രിട്ടീഷ് സൈനികർക്കു ആദരാഞ്ജലി അർപ്പിച്ച സ്റ്റാർമർ, ഇത്തരമൊരു പരാമർശം നടത്തിയാൽ ക്ഷമ ചോദിക്കേണ്ടതാണെന്നും പറഞ്ഞു. ട്രംപിന്റെ വാക്കുകളെ 'പൂർണമായും അർഥശൂന്യം' എന്നാണ് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബാഡെനോക് വിമർശിച്ചത്.
അതേസമയം, ട്രംപിന്റെ നിലപാടിനെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. 'നേറ്റോയിൽ മറ്റു രാജ്യങ്ങളെല്ലാം ചേർന്നതിലും കൂടുതൽ സംഭാവന യുഎസ് നൽകിയിട്ടുണ്ട്,' എന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് പറഞ്ഞു.
9/11 ആക്രമണത്തിനു പിന്നാലെ നേറ്റോയുടെ ആർട്ടിക്കിൾ 5 പ്രാബല്യത്തിൽ കൊണ്ടുവന്നതോടെയാണ് യുഎസ് നേതൃത്വത്തിലുള്ള അഫ്ഗാൻ യുദ്ധത്തിൽ സഖ്യരാജ്യങ്ങൾ പങ്കെടുത്തത്. 2001 മുതൽ 1.5 ലക്ഷത്തിലധികം ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചത് - യുഎസിന് പിന്നാലെ ഏറ്റവും വലിയ സൈനിക സാന്നിധ്യം ബ്രിട്ടന്റേതായിരുന്നു.
നേറ്റോ വിവാദത്തിന് പിന്നാലെ നിലപാട് മാറ്റി ട്രംപ്; 'ബ്രിട്ടീഷ് സൈനികർ മഹാന്മാർ, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു'
