ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട അതിക്രമം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ ക്രൂര സംഭവം.
നർസിംഗ്ഡി പട്ടണത്തിൽ കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര (23) ആണ് കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് പ്രദേശത്തെ ഒരു ഗാരേജിൽ ജോലി ചെയ്തിരുന്ന യുവാവ് വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് അവിടെ തന്നെ ഉറങ്ങാൻ കിടന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.
അജ്ഞാതർ ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ ചഞ്ചൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാരും ദൃക്‌സാക്ഷികളും ആരോപിക്കുന്നു. ഗാരേജിന് തീയിടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
2022ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിൽ ഏകദേശം 1.31 കോടി ഹിന്ദുക്കൾ താമസിക്കുന്നുണ്ട് - രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 7.95 ശതമാനം. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു.
ബംഗ്ലാദേശിൽവീണ്ടും ആൾക്കൂട്ട കൊലപാതകം; ഹിന്ദു യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു
