വത്തിക്കാന്‍ സിറ്റി: മനുഷ്യ വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയില്‍ നിര്‍മിച്ച അതീവ സ്‌നേഹപ്രകടനമുള്ള നിര്‍മിത ബുദ്ധി ചാറ്റ് ബോട്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വികസിത രാജ്യങ്ങളില്‍ ചാറ്റ് ബോട്ടുകള്‍ക്ക് അടിമപ്പെട്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്.
ചാറ്റ് ബോട്ടുകള്‍ എപ്പോഴും കൂടെയുള്ളവരും അതിവാത്സല്യം പ്രകടിപ്പിക്കുന്നവരുമായി മാറുന്നത് മനുഷ്യ വികാരങ്ങളെയും വ്യക്തിപരമായ ഇടങ്ങളെയും സ്വാധീനിക്കുകയും തകര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം എഴുതിയ സന്ദേശത്തില്‍ പറയുന്നു. സംവദിക്കുന്നത് മനുഷ്യരുമായാണോ അതോ വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സറുമായാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഡിജിറ്റല്‍ ലോകം സങ്കീര്‍ണമാകുന്നതായും അദ്ദേഹം പറഞ്ഞു.
ചാറ്റ് ബോട്ടുമായുള്ള വൈകാരിക ബന്ധം മൂലം ജീവന്‍ നഷ്ടപ്പെട്ട 14കാരന്‍ സെവെല്‍ സെറ്റ്‌സറുടെ അമ്മ മേഗന്‍ ഗാര്‍സിയയെ മാര്‍പ്പാപ്പ നേരിട്ടു കണ്ട് ആശ്വസിപ്പിച്ചിരുന്നു. അമേരിക്കയില്‍ ജനിച്ച ലിയോ പതിനാലാമന് മുന്‍ഗാമികളെക്കാള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വിജ്ഞാനമുണ്ട്. ആപ്പിള്‍ വാച്ച് ധരിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ സജീവമാകുകയും ചെയ്ത അദ്ദേഹം തന്റെ കാലത്ത് നിര്‍മിത ബുദ്ധി ധാര്‍മികത ഒരു പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മാധ്യമങ്ങളും കമ്യൂണിക്കേഷന്‍ കമ്പനികളും ശ്രദ്ധ ലഭിക്കുന്നതിന് അല്‍ഗൊരിതങ്ങളെ ദുരുപയോഗം ചെയ്യരുതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിര്‍മിത ബുദ്ധി ഉപയോഗമുണ്ടെങ്കില്‍ അത് വ്യക്തമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ എന്നത് പൊതു മുതലാണെന്നും അത് ലാഭത്തിനായി മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
