അതിശൈത്യം: ഹൂസ്റ്റണില്‍ മഞ്ഞും വൈദ്യുതി തടസ്സവും തുടരുന്നു

അതിശൈത്യം: ഹൂസ്റ്റണില്‍ മഞ്ഞും വൈദ്യുതി തടസ്സവും തുടരുന്നു


ഹൂസ്റ്റണ്‍:അമേരിക്കയിലെ തെക്കുകിഴക്കന്‍ ടെക്‌സാസില്‍ വീശിയടിക്കുന്ന അതിശൈത്യത്തില്‍ ഹൂസ്റ്റണ്‍ നഗരം വലിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മഞ്ഞുവീഴ്ചയും വൈദ്യുതി തടസ്സവും ജനജീവിതത്തെ ബാധിക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഐസ് പാളികള്‍ നിറഞ്ഞ റോഡുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.

സെന്റര്‍പോയിന്റ് എനര്‍ജി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹൂസ്റ്റണ്‍ മേഖലയില്‍ ഏകദേശം 3,756 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ഇതില്‍ 78 ശതമാനവും ഹാരിസ് കൗണ്ടിയിലെ ഗ്രീന്‍സ് പോയിന്റ് മേഖലയിലാണ്.

പ്രധാന ഹൈവേകളായ ഐഎച്ച്45, എസ്എച്ച്288, നോര്‍ത്ത് ഗ്രാന്‍ഡ് പാര്‍ക്ക്വേ എന്നിവിടങ്ങളില്‍ പലയിടത്തും ഐസ് അടിഞ്ഞുകൂടിയിട്ടുണ്ട്. പാലങ്ങളിലും ഓവര്‍പാസുകളിലും ഐസ് പാളികള്‍ രൂപപ്പെട്ടതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഹൂസ്റ്റണ്‍ ട്രാന്‍സ്റ്റാര്‍ മുന്നറിയിപ്പ് നല്‍കി.

ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മഞ്ഞുവീഴ്ചയുള്ള നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി. എന്നാല്‍ വില്യം പി. ഹോബി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മിക്കവാറും കൃത്യസമയത്ത് നടക്കുന്നുണ്ട്.

പലയിടങ്ങളിലും 'വിന്റര്‍ സ്റ്റോം വാണിംഗ്', 'ഐസ് സ്റ്റോം വാണിംഗ്' എന്നിവ നിലവിലുണ്ട്. അതിശക്തമായ തണുത്ത കാറ്റും മഴയും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.