നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോര്‍ട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പില്‍ ബാച്ചിലര്‍ പാര്‍ട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഗ്രാന്‍ഡ് സിയറ റിസോര്‍ട്ടിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ 26 വയസ്സുകാരനായ ഡക്കോട്ട ഹാവര്‍ എന്ന പ്രതിയെ റെനോ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാര്‍ക്‌സ് പോലീസ് അറിയിച്ചു.
രാവിലെ 7:30ഓടെ റിസോര്‍ട്ടിന്റെ വാലെറ്റ് ഏരിയയില്‍ ഹാവര്‍ അഞ്ച് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ 33 വയസ്സുകാരായ ജസ്റ്റിന്‍ അഗ്വില, ആന്‍ഡ്രൂ കനേപ എന്നിവര്‍ മരണപ്പെട്ടു. ബാച്ചിലര്‍ പാര്‍ട്ടിക്കായി സുഹൃത്തുക്കളോടൊപ്പം നഗരത്തിലെത്തിയ ഇവര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ കാത്തിരിക്കുകയായിരുന്നു.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍, 66 വയസ്സുകാരനായ റെനോ നിവാസി ഏഞ്ചല്‍ മാര്‍ട്ടിനെസ് ആണ്. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലത്തുകൂടി കാറില്‍ പോകവെ ഇദ്ദേഹത്തിന് നിരവധി വെടിയേറ്റു. പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു, മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
വെടിവയ്പ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്നും ഹാവറിന് ക്രിമിനല്‍ പശ്ചാത്തലമോ മാനസികാരോഗ്യ പ്രശ്‌നങ്ങളോ ഉള്ളതായി രേഖകളില്ലെന്നും സ്പാര്‍ക്‌സ് പോലീസ് വ്യക്തമാക്കി. വെടിവയ്പ്പില്‍ ഉള്‍പ്പെട്ട ആറ് റെനോ പോലീസ് ഉദ്യോഗസ്ഥരെയും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചു..
