വാഷിങ്ടൺ: ഹെയ്തിയൻ കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് സംബന്ധിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് . വിധി നിയമവാഴ്ചയ്ക്കും സാമാന്യബുദ്ധിക്കും അനുകൂലമായ വിജയമാണെന്ന് വകുപ്പ് ജനറൽ കൗൺസൽ ജെയിംസ് പെർസിവൽ പ്രതികരിച്ചു.
'ടി.പി.എസിലെ 'ടി' എന്നത് താൽക്കാലികം എന്നർത്ഥമാണ്. എന്നാൽ പല പദ്ധതികളും പ്രായോഗികമായി സ്ഥിരമായ പൊതുമാപ്പായി മാറിയിരുന്നു. ഈ വിധി നിയമവാഴ്ചയുടെയും യുക്തിയുടെയും വിജയമാണ്,' അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഹെയ്തിയൻ വംശജർക്കവേണ്ടി ഹർജി നൽകിയ അഭിഭാഷകർ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോടതി തീരുമാനം ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
'ഈ വിധി മൂലം നിരവധി ആളുകൾ അനാവശ്യമായും ക്രൂരമായും മരണത്തിന് ഇരയാകാൻ സാധ്യതയുണ്ട്. സുരക്ഷിതമായ ജീവിതം തേടി സ്വന്തം നാട് വിട്ട് അമേരിക്കയിലെത്തിയ ഹെയ്തിയൻ കുടിയേറ്റക്കാരുടെ ജീവിതമാണ് ഇപ്പോൾ ഭീഷണിയിലാകുന്നത്,' അഭിഭാഷകരായ ജെഫ്രി പിപോളിയും ആൻഡ്രൂ ടൗബറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് കുടിയേറ്റ സമൂഹമെന്ന വിശ്വാസമുള്ള എല്ലാവർക്കും ഇത് ദുഃഖകരമായ ദിവസമാണെന്നും അവർ കൂട്ടിച്ചേർത്തു.
ടി.പി.എസ് കാലാവധി നീട്ടുന്നതിനുള്ള ബിൽ നിലവിൽ സെനറ്റിന്റെ പരിഗണനയിലാണെന്നും, ആയിരക്കണക്കിന് ഹെയ്തിയൻ കുടിയേറ്റക്കാരുടെ ജീവൻ രക്ഷിക്കാൻ കോൺഗ്രസ് അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
ഹെയ്തിയൻ കുടിയേറ്റക്കാർക്ക് തിരിച്ചടി; ടി.പി.എസ് റദ്ദാക്കൽ വിധിയെ സ്വാഗതം ചെയ്ത് ട്രംപ് ഭരണകൂടം
