അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവിടുക : ട്രംപിന്റെ പുതിയ H-1B വിസാ പദ്ധതിയെക്കുറിച്ച് സ്‌കോട്ട് ബെസന്റ്

അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവിടുക : ട്രംപിന്റെ പുതിയ H-1B വിസാ പദ്ധതിയെക്കുറിച്ച് സ്‌കോട്ട് ബെസന്റ്


വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ H1B വിസാ നയം വിദേശ വിദഗ്ദ്ധരെ വരുത്തി അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിച്ച ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

പുതിയ വിസാ സംവിധാനം 'അറിവ് കൈമാറ്റം' (knowledget ransfer) ലക്ഷ്യമാക്കിയുള്ളതാണന്ന് ഫോക്‌സ് ന്യൂസ് അവതാരകന്‍ ബ്രയന്‍ കില്‍മീഡിനോട് സംസാരിക്കവേ ബെസന്റ് പറഞ്ഞു.  വര്‍ഷങ്ങളായി വിദേശത്തേക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത കപ്പല്‍നിര്‍മാണം, സെമികണ്ടക്ടര്‍ ഉത്പാദനം, നിര്‍മ്മാണ മേഖലകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കാന്‍ ട്രംപ് ഭരണകൂടം ഇതിലൂടെ ശ്രമിക്കുകയാണ്.

'അമേരിക്കന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുക. പിന്നെ നാട്ടിലേക്ക് തിരിച്ചയയ്ക്കുക. അതിന് ശേഷം ആ ജോലികള്‍ മുഴുവനും അമേരിക്കക്കാര്‍ ഏറ്റെടുക്കും,' ചുരുക്കത്തില്‍ ഇതാണ് ട്രംപ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് ബെസന്റ് പറഞ്ഞു.

വിദേശ തൊഴിലാളികള്‍ അമേരിക്കക്കാരുടെ തൊഴില്‍ കൈയ്യടുക്കുമോ എന്ന ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അമേരിക്കന്‍ തൊഴിലാളിക്ക് ഇപ്പോള്‍ ആ ജോലി ചെയ്യാനാകില്ല എന്നാണ് ബെസന്റ് മറുപടി നല്‍കിയത്.  ഇത്രയേറെ നാളായി നമ്മള്‍ ഇവിടെ കപ്പലുകള്‍ പോലും നിര്‍മിച്ചിട്ടില്ല. അതിന് വിദേശ വിദഗ്ധര്‍ തന്നെ വരണം, അവര്‍ പഠിപ്പിക്കണം, അതിനുശേഷം അമേരിക്കക്കാര്‍ ഏറ്റെടുക്കണം - അതാണ് വിജയമാര്‍ഗം.'

H-1B പോലുള്ള താല്‍ക്കാലിക വിസാ പദ്ധതികള്‍ വഴി വിദേശ വിദഗ്ധരെ കുറച്ചുകാലത്തേക്ക് കൊണ്ടുവന്ന് അമേരിക്കന്‍ തൊഴിലാളികളെ പ്രായോഗികമായി പരിശീലിപ്പിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ അമേരിക്കന്‍ വ്യവസായങ്ങള്‍ തിരിച്ചുപിടിക്കാനും ഇറക്കുമതികളിലുണ്ടായ ആശ്രയത്വം കുറയ്ക്കാനുമാണ് ട്രംപിന്റെ ശ്രമമെന്ന് ബെസന്റ് കൂട്ടിച്ചേര്‍ത്തു.

വിദേശ തൊഴിലാളികളെക്കുറിച്ചുള്ള ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ MAGA അനുകൂലികളില്‍ ചിലര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് ബെസന്റിന്റെ വിശദീകരണം. 'ചില പ്രത്യേക കഴിവുകള്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇല്ല. അതുകൊണ്ട് വിദേശ വിദഗ്ധരെ ആവശ്യമുണ്ട്. തൊഴില്‍രഹിതരായ ആളുകളെ വിളിച്ച് ' മിസൈല്‍ നിര്‍മ്മിക്കൂ' എന്ന് പറയാന്‍ കഴിയില്ല,' എന്നാണ് ട്രംപ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

ഇതോടൊപ്പം വാര്‍ഷിക വരുമാനം 1 ലക്ഷം ഡോളറിന് താഴെ ഉള്ള കുടുംബങ്ങള്‍ക്കായി 2,000 ഡോളര്‍ താരിഫ് റീബേറ്റ് നല്‍കാനുള്ള ചര്‍ച്ചകളും നടന്നു വരികയാണെന്ന് ബെസന്റ് സ്ഥിരീകരിച്ചു. 'പ്രസിഡന്റ് 2,000 ഡോളര്‍ റീബേറ്റിനെ കുറിച്ച് ചിന്തിക്കുകയാണ്. ശക്തമായ വ്യാപാരനയത്തിന്റെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

2026 അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 'ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷം' ആയിരിക്കുമെന്ന് ബെസന്റ് പ്രവചിച്ചു. വാള്‍ സ്ട്രീറ്റും മെയിന്‍ സ്ട്രീറ്റും ഒരുമിച്ച് വളരുന്ന 'സമാന്തര സമൃദ്ധി' ദര്‍ശനം നടപ്പാക്കാന്‍ ധനവിപണി ദൃഢവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.