ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചു. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയുടെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ജാവേദ് അഹമ്മദ് സിദ്ദീഖിയെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി. പ്രധാന പ്രതികളായ ഡോ. ഷാഹിന്‍ സയീദും ഡോ. മുജമ്മില്‍ ഷക്കീലും ഈ സര്‍വകലാശാലയിലാണ് ജോലി ചെയ്യുന്നത്.
സര്‍വകലാശാലയുടെ ധനസ്രോതസ്സിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിദ്ദീഖിയുടെ വിപുലമായ കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്ക്, ഏഴരക്കോടി തട്ടിപ്പ് കേസില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചത് ഉള്‍പ്പെടെയുള്ളവ അന്വേഷണത്തിലുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സിദ്ദീഖിക്ക് എതിരായ എല്ലാ ആരോപണങ്ങളും സര്‍വകലാശാലയുടെ നിയമ ഉപദേഷ്ടാവ് മുഹമ്മദ് റാസി നിഷേധിച്ചു. ഏഴരക്കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഷക്കീലിന്റെ നിയമനത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം എന്‍ ഡി ടി വിയോട് പറഞ്ഞു. നിയമനം വൈസ് ചാന്‍സലറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ മോവില്‍ ജനിച്ച സിദ്ദീഖി അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് കമ്പനികളുടെ ബോര്‍ഡ് അംഗമാണ്. ഈ ട്രസ്റ്റാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
വിദ്യാഭ്യാസം, സോഫ്റ്റ്വെയര്‍, ധനകാര്യ സേവനങ്ങള്‍, ഊര്‍ജ മേഖലകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഒന്‍പത് കമ്പനികളും ഡല്‍ഹിയിലെ ഒരേ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് പ്രാഥമിക സംശയമായി തോന്നുന്നത്.
1992ല്‍ ആരംഭിച്ച അല്‍ ഫലാഹ് ഇന്‍വെസ്റ്റ്‌മെന്റ്, അല്‍ ഫലാഹ് മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍,
അല്‍ ഫലാഹ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍ ഫലാഹ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, അല്‍ ഫലാഹ് എജ്യുക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, എം ജെ എച്ച് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍ ഫലാഹ് സോഫ്റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, അല്‍ ഫലാഹ് എനര്‍ജീസ് പ്രൈവറ്റ് ലിമിറ്റഡ്, തര്‍ബിയ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നിവയാണ് ഒന്‍പത് കമ്പനികള്‍. ഇതില്‍ സയീദ്, ഷക്കീല്‍ എന്നിവര്‍ ജോലി ചെയ്തിരുന്നത് അല്‍ ഫലാഹ് മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലാണ്.
2019 വരെ ഇവയില്‍ ഭൂരിഭാഗവും സജീവമായിരുന്നുവെങ്കിലും പിന്നീട് അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്തു.
1997-ല്‍ എഞ്ചിനീയറിംഗ് കോളേജായി തുടങ്ങിയ അല്‍ ഫലാഹ് മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇപ്പോള്‍ 78 ഏക്കര്‍ വിസ്തൃതിയിലുള്ള ക്യാമ്പസായി വളര്‍ന്നു. എന്നാല്‍, ഇപ്പോള്‍ അത് നാകിന്റേയും അന്വേഷണം നേരിടുന്നുണ്ട്.
അല്‍ ഫലാഹ് ബില്‍ഡിംഗ് തന്നെയാണ് അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസും.
ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്ന പഴയ തട്ടിപ്പ് കേസ്. പരാതി നല്‍കിയവര്‍ ആരോപിക്കുന്നത് സിദ്ദീഖിയും കൂട്ടരും വ്യാജ നിക്ഷേപ പദ്ധതികള്‍ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം ശേഖരിച്ചു എന്നാണ്.
അവര്‍ ആളുകളെ അല്‍ ഫലാഹ് ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് നിക്ഷേപങ്ങള്‍ ഓഹരികളായി മാറ്റിയതായി വ്യാജ രേഖകള്‍ സൃഷ്ടിച്ചെന്നാണ് ആരോപണം. ശേഖരിച്ച ഏഴര കോടി പിന്നീട് പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കേസ് രേഖ പറയുന്നു.
സിദ്ദീഖിയെ 2001-ല്‍ അറസ്റ്റ് ചെയ്തു. 2003 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി, ഓഹരി സര്‍ട്ടിഫിക്കറ്റുകളിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ഫോറന്‍സിക് തെളിവുകള്‍ ചൂണ്ടിക്കാട്ടി. 2004 ഫെബ്രുവരിയിലാണ് അദ്ദേഹം ജാമ്യം നേടിയത്. എന്നാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന ഉറപ്പുനല്‍കിയിരുന്നു.
2020 ജനുവരിയിലും ഡല്‍ഹി പൊലിസ് ഒഖ്ല ഓഫിസില്‍ റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിം നിക്ഷേപകരെ ലക്ഷ്യമാക്കി ഹലാല്‍ നിക്ഷേപ പദ്ധതികള്‍ എന്ന പേരില്‍ പുതിയ തട്ടിപ്പുകള്‍ നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്.
