ബംഗ്ലാദേശില്‍ ദേശീയ തെരഞ്ഞെടുപ്പും ജൂലൈ ചാര്‍ട്ടര്‍ റഫറണ്ടവും ഫെബ്രുവരിയില്‍

ബംഗ്ലാദേശില്‍ ദേശീയ തെരഞ്ഞെടുപ്പും ജൂലൈ ചാര്‍ട്ടര്‍ റഫറണ്ടവും ഫെബ്രുവരിയില്‍


ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി പ്രൊഫ. മുഹമ്മദ് യൂനുസ് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ രാജ്യത്ത് ''ജൂലൈ ചാര്‍ട്ടര്‍'' എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്‌കരണ കരട് സംബന്ധിച്ച് ദേശീയ ജനവിധി നടത്തുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ വഴിവെച്ച വിദ്യാര്‍ഥി സമരത്തിന് പിന്നാലെയാണ് ഈ ചാര്‍ട്ടര്‍ തയ്യാറാക്കിയത്.

യൂനുസ് തന്റെ പ്രസംഗത്തില്‍ ഫെബ്രുവരിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നും അത് സ്വതന്ത്രവും നീതിയുക്തവുമായിരിക്കും എന്നും ഉറപ്പു നല്‍കി.

20 മിനിറ്റോളം നീണ്ട ടെലിവിഷന്‍ പ്രസംഗത്തില്‍, ദേശീയ തെരഞ്ഞെടുപ്പും 'ജൂലൈ ചാര്‍ട്ടര്‍' സംബന്ധിച്ച റഫറണ്ടവും ഒരേ ദിവസം തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ അനുപാതത്തില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി 100 അംഗങ്ങളുള്ള അപ്പര്‍ സഭയും രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനവും സ്ഥാപനങ്ങളുമെല്ലാം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനാണ് ജൂലൈ ചാര്‍ട്ടര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, 2024-ലെ വിദ്യാര്‍ഥി സമരത്തിന് ഭരണഘടനാ അംഗീകാരം നല്‍കുകയും അതില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ഔദ്യോഗിക അംഗീകാരമോ സംരക്ഷണമോ നല്‍കുകയും ചെയ്യുന്നു.

രണ്ട് സഭകളുള്ള പാര്‍ലമെന്റിന് രൂപം നല്‍കാനും പ്രധാനമന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്താനും ചാര്‍ട്ടര്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിനെ നിയമപരമായ ബാധ്യതയുള്ള ഒരു രേഖയാക്കാനും പദ്ധതിയുണ്ട്.

ഒക്ടോബറില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ഈ ചാര്‍ട്ടറില്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി സമര നേതാക്കള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയും (എന്‍ സി പി) നാലു ഇടതുപക്ഷ പാര്‍ട്ടികളും ബഹിഷ്‌കരിച്ചു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നിയമപരമായ ഘടനയോ ഉറച്ച പ്രാബല്യമോ ഇല്ലാത്തതിനാലാണ് അവര്‍ ബഹിഷ്‌കരിച്ചതെന്ന് എന്‍ സി പി വ്യക്തമാക്കി.

ചാര്‍ട്ടറിനെ പിന്തുണക്കുന്നവര്‍ അത് സ്ഥാപനപരമായ പരിഷ്‌കരണത്തിന് അടിത്തറയാകും എന്നാണ് കാണുന്നത്. എന്നാല്‍ വിമര്‍ശകര്‍ പറയുന്നത്  നിയമപരമായ ബലം അല്ലെങ്കില്‍ പാര്‍ലമെന്ററി ഏകകണ്ഠത ഇല്ലെങ്കില്‍ ഇത് പ്രതീകാത്മകമായ മാറ്റങ്ങള്‍ മാത്രമായിരിക്കും എന്നാണ്.

അതിനിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ നടക്കുന്ന മനുഷ്യത്വ വിരുദ്ധ കുറ്റകൃത്യ വിചാരണയിലെ ഏറെ പ്രതീക്ഷയുള്ള വിധി നവംബര്‍ 17ന് പ്രസ്താവിക്കുമെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം അറിയിച്ചു.

78 വയസുള്ള ഹസീന ഇന്ത്യയില്‍ അഭയം തേടികോടതിയുടെ ഹാജരാകാനുള്ള ഉത്തരവ് അവഗണിച്ചിരിക്കുകയാണ്. 2024ലെ വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടെന്നാരോപിച്ചാണ് കേസ്.

നിയമാനുസൃതമായി നീതി നടപ്പാക്കപ്പെടും എന്ന് ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. 

ഹസീനയുടെ അഭാവത്തില്‍ 2024 ജൂണ്‍ 1-ന് തുടങ്ങിയ വിചാരണയില്‍ മാസങ്ങളോളമാണ് സാക്ഷി വിസ്താരങ്ങള്‍ നടന്നത്. അവയില്‍ അവര്‍ കൂട്ടക്കൊലകള്‍ക്ക് ഉത്തരവിട്ടെന്നാരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ ഹസീന അധികാരത്തില്‍ തുടരാനുള്ള ശ്രമത്തിനിടെ ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്.