ന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന് സംശയിക്കുന്ന അല്‍ ഖാഇദ ബന്ധമുള്ള ഭീകര ശൃംഖലയെ ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തി. എന്‍ ഐ എയുടെ പ്രസ്താവനപ്രകാരം കേസില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ പ്രവേശിച്ച അനധികൃത ബംഗ്ലാദേശി പൗരന്മാര്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ നിരോധിത അല്‍ ഖാഇദ സംഘത്തിനായി ഫണ്ട് ശേഖരിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി പത്ത് സ്ഥലങ്ങളില്‍ ഒരുമിച്ചാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിനിടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും തിരിച്ചറിയല്‍ രേഖകളും സാമ്പത്തിക രേഖകളും ഉള്‍പ്പെടെ കണ്ടെത്തി പിടിച്ചെടുത്തുവെന്നും ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി.
മുഹമ്മദ് സോജിബ് മിയാന്‍, മുന്ന ഖാലിദ് അന്‍സാരി എന്ന മുന്ന ഖാന്‍, അസറുല്‍ ഇസ്ലാം എന്ന ജഹാംഗീര്‍ എന്ന ആകാശ് ഖാന്‍, അബ്ദുല്‍ ലതീഫ് എന്ന മോമിനുല്‍ അന്‍സാരി എന്നീ ബംഗ്ലാദേശികള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ കടന്നുകയറി അല്‍ ഖാഇദയുടെ സജീവ പിന്തുണക്കാരായി പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ ഐ എ ആരോപിക്കുന്നത്.
അന്വേഷണത്തില്‍ പ്രതികള്‍ ബംഗ്ലാദേശിലെ അല്‍ ഖാഇദ ഏജന്റുമാര്‍ക്ക് സാമ്പത്തിക സഹായം ശേഖരിക്കുകയും പണം കൈമാറുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ യുവ മുസ്ലിംകളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ ഐ എ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത് പ്രകാരം പ്രതികള്‍ നിരോധിത അല്‍ ഖാഇദ സംഘടനയുമായി നേരിട്ടും സാമ്പത്തികമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
