കുടിയേറ്റക്കാരെ മനുഷ്യരായി കാണണമെന്ന് കത്തോലിക്ക ബിഷപ്പുമാരുടെ ആഹ്വാനം

കുടിയേറ്റക്കാരെ മനുഷ്യരായി കാണണമെന്ന് കത്തോലിക്ക ബിഷപ്പുമാരുടെ ആഹ്വാനം


ബാള്‍ട്ടിമോര്‍:  ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തല്‍ നടപടികളെ ശക്തമായി വിമര്‍ശിച്ച് അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാര്‍. ബാള്‍ട്ടിമോറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ ബിഷപ്പുമാര്‍ പ്രസ്താവന പുറപ്പെടുവിച്ചത്. മനുഷ്യാവകാശങ്ങളെയും കുടിയേറ്റക്കാരുടെ അവകാശങ്ങളെയും മുന്നില്‍ നിര്‍ത്തിയാണ് അവരുടെ പ്രതികരണം.

'ജനങ്ങളെ വിവേചനമില്ലാതെ നാടുകടത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. കുടിയേറ്റക്കാരോടും നിയമപ്രവര്‍ത്തകരോടും ഉള്ള മനുഷ്യാവഹിതമായ ഭാഷയും പീഡനവും അവസാനിക്കട്ടെ,' എന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് ട്രംപിനെ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രസ്താവനയുടെ ലക്ഷ്യം വ്യക്തമാണ്. 
'ഞങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. അതിന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യാന്തസ് സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തേണ്ട സമയമാണിത്,' ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍ പോപ് ലിയോ പതിനാലാമന്‍ പിന്തുണ പ്രഖ്യാപിച്ചതിനും ബിഷപ്പുമാരെ അതിനായി പ്രചോദിപ്പിച്ചതിനുമാണ് ഈ ഏകകണ്ഠ പ്രസ്താവന. 216 ബിഷപ്പുമാര്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ അഞ്ചുപേര്‍ എതിര്‍ത്തു. മൂന്നു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കുടിയേറ്റക്കാരുടെ ജീവിതത്തിലെ ഭയവും അനിശ്ചിതത്വവും ബിഷപ്പുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 'പ്രൊഫൈലിംഗിനും കുടിയേറ്റനിയന്ത്രണത്തിനും ചുറ്റും ഭീതിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷം ഉണ്ടെന്ന് ഞങ്ങള്‍ കാണുന്നു. കുടിയേറ്റക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ദുഃഖകരമാണ്. തടങ്കല്‍ കേന്ദ്രങ്ങളിലെ അവസ്ഥകളും മതപരിപാലനത്തിന്റെ അഭാവവും ഞങ്ങളെ അലട്ടുന്നു,' പ്രസ്താവനയില്‍ പറയുന്നു.

'മക്കളെ സ്‌കൂളില്‍ കൊണ്ടുപോകുമ്പോള്‍ പോലും പിടിക്കപ്പെടുമോ എന്ന ഭയത്തിലാണ് ചില രക്ഷിതാക്കളെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. കുടുംബങ്ങള്‍ വേര്‍പിരിയുന്നത് സഭയെ ദുഃഖിതരാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ലാഹോമാ സിറ്റിയിലെ ആര്‍ച്ച്ബിഷപ്പ് പോള്‍ കോക്ലി പ്രസ്താവനയെ പിന്തുണച്ചു. 'ഇത് നമ്മുടെ കാലഘട്ടത്തില്‍ നിറവേറ്റപ്പെടേണ്ട ആത്മീയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നാടുകടത്തല്‍ക്കെതിരെ വ്യക്തമായ വാക്കുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഷിക്കാഗോ ആര്‍ച്ച്ബിഷപ്പ് ബ്ലെയ്‌സ് ക്യൂപിച്ച് നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഉടന്‍ അംഗീകരിക്കപ്പെട്ടു.

മിയാമിയിലെ ആര്‍ച്ച്ബിഷപ്പ് തോമസ് വെന്‍സ്‌കി പ്രസ്താവനയെ 'മാനവികത ഉള്‍ച്ചേര്‍ക്കപ്പെട്ട രേഖ' എന്ന് പ്രസ്താവനയെ വിശേഷിപ്പിച്ചു. മെക്‌സിക്കോയില്‍ നിന്നുള്ള പുതിയ ബിഷപ്പായ ഹോസെ മാരിയ ഗാര്‍സിയ മാല്‍ഡൊനാഡോ തന്റെ അനുഭവം പങ്കുവെച്ചു. 'ഞാനും എന്റെ കുടുംബവും കുടിയേറ്റക്കാരാണ്. ഞങ്ങള്‍ക്കായി ഈ പ്രസ്താവന ഏറെ അര്‍ത്ഥവത്താണ്,' എന്ന് അദ്ദേഹം പറഞ്ഞു.

കത്തോലിക്ക സഭയുടെ ഈ നിലപാട്, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള പുതിയ ധാര്‍മ്മിക സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യാന്തസ് രാഷ്ട്രീയതയെക്കാള്‍ പ്രധാനമാണെന്ന സന്ദേശം വ്യക്തമായി അറിയിക്കുന്നതാണ് ബിഷപ്പുമാരുടെ പ്രസ്താവന.