ഫെന്റനില്‍ രാസപദാര്‍ഥങ്ങള്‍ നിയന്ത്രിക്കുന്ന കരാറില്‍ യു എസും ചൈനയും ഒപ്പുവെച്ചു

ഫെന്റനില്‍ രാസപദാര്‍ഥങ്ങള്‍ നിയന്ത്രിക്കുന്ന കരാറില്‍ യു എസും ചൈനയും ഒപ്പുവെച്ചു


വാഷിംഗ്ടണ്‍: എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ചൈനയുമായി ഫെന്റനില്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ നിയന്ത്രിക്കാന്‍ കരാറില്‍ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു.

ചൈനീസ് അധികാരികള്‍ 13 ഫെന്റനില്‍ പ്രീകഴ്‌സറുകള്‍ ഔദ്യോഗികമായി പട്ടികപ്പെടുത്തുകയും ഉത്പാദനത്തിലുളള 7 അനുബന്ധ രാസപദാര്‍ഥങ്ങള്‍ നിയന്ത്രണത്തിലാക്കാനും സമ്മതിച്ചുവെന്നും പട്ടേല്‍ പറഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് നേതാവ് ഷി ജിന്‍പിങുമായി നടത്തിയ ഇടപെടലും ഇതില്‍ നിര്‍ണായകമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നീക്കം പതിനായിരക്കണക്കിന് ജീവന്‍ രക്ഷിക്കും എന്നായിരുന്നു പട്ടേലിന്റെ വിലയിരുത്തല്‍.

ഫെന്റനില്‍ പ്രീകഴ്‌സറുകളെയാണ് ലക്ഷ്യമിടേണ്ടതെന്നും ജീവന്‍ നശിപ്പിക്കുന്ന ഈ രാസപദാര്‍ഥം ഫെന്റനിലാക്കി മാറ്റുന്നത് അതാണെന്നും ഈ പ്രീകഴ്‌സറുകള്‍ തടഞ്ഞാല്‍ മയക്കുമരുന്ന് കച്ചവട ശൃംഖല തകരുകയും മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ നിയന്ത്രിക്കുന്ന മാരകമായ വിതരണ പൈപ്പ്‌ലൈന്‍ ശുഷ്‌കമാവുകയും ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

അമേരിക്കന്‍ ആരോഗ്യ വകുപ്പ് ഫെന്റനില്‍ ഉള്‍പ്പെടെ സിന്തറ്റിക് ഒപിയോഡുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇതിനെ ഫെഡറല്‍ നിയമപ്രകാരം പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് പ്രതിവര്‍ഷം 70,000 മുതല്‍ 75,000 വരെ ആളുകള്‍ സിന്തറ്റിക് ഒപിയോഡ് അതിമാത്ര ഉപയോഗിച്ച് മരിക്കുന്നു. 2023-ല്‍ മാത്രം 72,776 മരണങ്ങള്‍ ഫെന്റനില്‍ ഉള്‍പ്പെട്ട സിന്തറ്റിക് ഒപിയോഡുകള്‍ക്ക് കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സര്‍വേകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7.5 ശതമാനം പ്രായപൂര്‍ത്തിയായ അമേരിക്കക്കാര്‍  അനധികൃതമായി ഫെന്റനില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

എഫ് ബി ഐ ഡയറക്ടറായി ചുമതലയേറ്റ ശേഷം പട്ടേല്‍ ഫെന്റനില്‍ പ്രതിസന്ധിയെ 'മയക്കുമരുന്ന് പ്രശ്‌നമല്ല, ദേശീയ സുരക്ഷാ തലത്തിലുള്ള ഭീഷണി' ആയി പുനര്‍വര്‍ഗ്ഗീകരിച്ചു. ചൈന, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി അന്താരാഷ്ട്ര സഹകരണത്തിലൂടെയാണ് വിതരണ ശൃംഖല തകര്‍ക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.