ട്രംപ് ഭരണകൂടത്തിന് വിജയം : നാഷണല്‍ ഗാര്‍ഡിനെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് വിന്യസിക്കാമെന്ന് കോടതി

ട്രംപ് ഭരണകൂടത്തിന് വിജയം : നാഷണല്‍ ഗാര്‍ഡിനെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് വിന്യസിക്കാമെന്ന് കോടതി


ഒറിഗോണ്‍:  ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിനെ തടഞ്ഞ താല്‍ക്കാലിക നിരോധന ഉത്തരവ് തിങ്കളാഴ്ച കോടതി റദ്ദാക്കി.

സംസ്ഥാനത്ത് ഒറിഗോണ്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടത്തെ അനുവദിച്ചുകൊണ്ട് 
ഒറിഗോണിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതി ജഡ്ജിമാരുടെ ഒരു പാനലാണ് വിധി പുറപ്പെടുവിച്ചത്. 

എന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ നാഷണല്‍ ഗാര്‍ഡിനെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് വിന്യസിക്കുന്നത് വിലക്കുന്ന വിശാലമായ ഉത്തരവ് പ്രാബല്യത്തില്‍ തുടരുകയാണ്.

തിങ്കളാഴ്ചത്തെ വിധിയെ ഒറിഗോണ്‍ അറ്റോര്‍ണി ജനറല്‍ ഡാന്‍ റേഫീല്‍ഡ്  അപലപിച്ചു. ഉത്തരവ് പിന്‍വലിക്കാന്‍ നിയ പോരാട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

തിങ്കളാഴ്ചത്തെ വിധിയുടെ വെളിച്ചത്തില്‍, ഏതെങ്കിലും സംസ്ഥാനത്തിന്റെ നാഷണല്‍ ഗാര്‍ഡിനെ ഒറിഗോണിലേക്ക് വിന്യസിക്കുന്നത് തടയുന്ന താല്‍ക്കാലിക നിരോധന ഉത്തരവ് ട്രംപ് ഭരണകൂടം ലംഘിക്കാന്‍ സാധ്യതയുണ്ടെന്നും, 'നിയമവിരുദ്ധമായ വിന്യാസങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ഇന്നത്തെ തീരുമാനം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തന്റെ ഓഫീസ് ഒമ്പതാം സര്‍ക്യൂട്ടിനോട്' അപ്പീല്‍ ഹര്‍ജി വഴി ആവശ്യപ്പെടുമെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'എന്തായാലും ഒറിഗോണിന്റെ നിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ പോരാടുന്നത് തുടരും,' റേഫീല്‍ഡ് കൂട്ടിച്ചേര്‍ത്തു.

പോര്‍ട്ട്‌ലാന്‍ഡ് നഗരം ഇടതുപക്ഷ 'ആഭ്യന്തര ഭീകരര്‍' കയ്യടക്കിയിരിക്കുകയാണെന്ന് ആരോപിച്ചാണ് അവിടയേക്ക് നാഷണല്‍ ഗാര്‍ഡിനെ അയക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍  ട്രംപ് ഒപ്പുവെച്ചത്. ഈ നീക്കം തടയണമെന്നാവശ്യപ്പെട്ട് പോര്‍ട്ട് ലാന്‍ഡ് ഭരണകൂടം ഫെഡറല്‍ കോടതിയെ സമീപിക്കുകയും താല്‍ക്കാലിക നിരോധന ഉത്തരവ് നേടുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് ട്രംപ് ഭരണകൂടം ഒറിഗോണിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതിയില്‍ അപ്പീല്‍ നല്‍കിയതും ഉത്തരവ് റദ്ദാക്കാനുള്ള അനുകൂല വിധി നേടിയതും.