വാഷിംഗ്ടണ്‍: വിദേശികളായ വിദഗ്ദ്ധ ജോലിക്കാര്‍ക്ക് യുഎസ് നല്‍കുന്ന എച്ച1ബി വിസയുടെ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 21ന് പ്രാബല്യത്തില്‍ വന്നിരുന്നു. 2000 ഡോളറിനും 5000 ഡോളറിനും ഇടയിലായിരുന്ന ഫീസ് കുത്തനെ ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയത് എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാര്‍ക്ക് കനത്ത പ്രഹരമായിരുന്നു. അതേസമയം വിസാ ഫീസ് വര്‍ധിപ്പിച്ചെങ്കിലും ഇത് ആര്‍ക്കൊക്കെ ആണ് ബാധകമാകുക എന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം വ്യക്തത വരുത്തിയിരുന്നില്ല.
വിസാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നിലവിലെ എച്ച്1ബി വിസ ഉടമകളോടും കമ്പനികളോടും പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന അറിയിപ്പ് മാത്രമാണ് വൈറ്റ് ഹൗസ് നല്‍കിയിരുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്കത്തവരുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം രംഗത്തുവന്നിരിക്കുകയാണ്. എച്ച്1ബി വിസാ ഫീസ് എങ്ങനെയാണ് അടയ്ക്കുന്നതെന്നും ആരെയൊക്കെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിലവിലുള്ള വിസ ഉടമകള്‍, എഫ് 1 വിസ ഉടമകളായ വിദേശ വിദ്യാര്‍ഥികള്‍, എല്‍ 1 വിസ ഉടമകളായ പ്രൊഫഷണലുകള്‍ എന്നിവര്‍ എച്ച് 1 ബി വിസയിലേക്ക് മാറുന്നതിന് ഒരുലക്ഷം ഡോളര്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് യുഎസ് പൗരത്വ-കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതായത്, പുതിയ ഫീസ് അമേരിക്കയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തം. കൂടാതെ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ദേശീയ താല്‍പര്യത്തിന് അനുസൃതമാണെന്ന് തീരുമാനിക്കുന്ന അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഒരു വ്യക്തിയെ ഒരുലക്ഷം ഡോളര്‍ ഫീസില്‍നിന്ന് ഒഴിവാക്കുകയുള്ളൂ എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്; '2025 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 12:01ന് ശേഷം വിസ തരം മാറ്റുന്നതിനോ, വിസ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോ, താമസം നീട്ടുന്നതിനോ അപേക്ഷിക്കുന്ന, ഇതിനകം തന്നെ യുഎസില്‍ ഉള്ള ആളുകള്‍ക്ക് ഈ നിയമം ബാധകമല്ല. കൂടാതെ, ആ വ്യക്തി പിന്നീട് യുഎസ് വിട്ട് അതേ അംഗീകൃത വിസയില്‍ തിരിച്ചെത്തിയാല്‍, പുതിയ ഫീസ് അടയ്‌ക്കേണ്ടതില്ല'.
അതേസമയം അപേക്ഷ നിഷേധിച്ചാല്‍ തൊഴിലുടമ ഫീസ് നല്‍കേണ്ടി വരുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഉദാഹരണമായി, ഒരാള്‍ക്ക് നിലവില്‍ സാധുവായ വിസയില്ലെങ്കില്‍ അല്ലെങ്കില്‍ വിസാ സ്റ്റാറ്റസ് മാറ്റാനുള്ള അഭ്യര്‍ഥന അംഗീകരിക്കുന്നതിന് മുന്‍പ് യുഎസ് വിട്ടുപോയാല്‍, അവര്‍ പുതിയ എച്ച് 1 ബി ഫീസ് അടയ്‌ക്കേണ്ടിവരും. എന്നാല്‍ ഒരു വ്യക്തിക്ക് ഇതിനകം സാധുവായ എച്ച് 1 ബി വിസ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ അവരുടെ അപേക്ഷ 2025 സെപ്റ്റംബര്‍ 21ന് മുന്‍പ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഈ പുതിയ നിയമം അവര്‍ക്ക് ബാധകമല്ല. പുതിയ ഫീസ് അടയ്ക്കാതെ തന്നെ അവര്‍ക്ക് സാധാരണയായി യുഎസിലേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ കഴിയും.
പുതിയ ഫീസ് അടയ്‌ക്കേണ്ട വിധം
അപേക്ഷ സമര്‍പ്പിക്കുന്നവര്‍ pay.gov ഉപയോഗിച്ച് ആവശ്യമായ 100,000 ഡോളര്‍ പേയ്‌മെന്റ് സമര്‍പ്പിക്കണം. തുടര്‍ന്ന് pay.govലെ നിര്‍ദേശങ്ങള്‍ പിന്തുടരണം. ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം, 'Use this form to pay your H-1B VISA PAYMENT TO REMOVE RESTRICTION' എന്ന് കാണാം.
എന്താണ് എച്ച ്1 ബി വിസ ?
ഐടി, എഞ്ചിനീയറിങ്, ഫിനാന്‍സ്, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന വിസ പ്രോഗ്രാമാണ് എച്ച് 1 ബി. കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന വിസയാണിത്. നിലവിലെ വിസാ ഫീസ് വര്‍ധനയ്ക്ക് പിന്നില്‍ യുഎസ് ഭരണകൂടത്തിന് പല ലക്ഷ്യങ്ങളുണ്ട്. എച്ച്1ബി വിസയ്‌ക്കെതിരെ അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ ഉയരുന്ന വികാരം ഒരുപരിധിവരെ ശമിപ്പിക്കാന്‍ ഇത് സഹായിച്ചേക്കും. ഉയര്‍ന്ന ഫീസ് കാരണം, വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് പകരം, തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. കൂടാതെ, വിദേശത്തുനിന്നുള്ള ഏറ്റവും മികച്ചതും ഉയര്‍ന്ന ശമ്പളം വാങ്ങുന്നതുമായ ജീവനക്കാരന് മാത്രം അവസരം നല്‍കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
എച്ച് 1 ബി വിസ നേടുന്നവരില്‍ 70 ശതമാനത്തില്‍ കൂടുതലും ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യന്‍ ഐടി വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, അനലിസ്റ്റുകള്‍ എന്നിവര്‍ അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായിരുന്നു എച്ച ്1 ബി വിസ. എന്നാല്‍ ഫീസ് വര്‍ധിപ്പിച്ചത്, വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ് ഉണ്ടാക്കും. കമ്പനികള്‍ക്ക് അമേരിക്കന്‍ പൗരന്മാരെ നിയമിക്കുന്നതിലൂടെ അപേക്ഷാ ഫീസ് ഇനത്തിലെ വന്‍തുക ഒഴിവാക്കാം. എന്നാല്‍, ഇവര്‍ക്ക് നല്‍കേണ്ട ശമ്പളം വിദേശികളേക്കാള്‍ കൂടുതലാകും. പുതിയ ഫീസ് കാരണം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പ്രതിവര്‍ഷം രണ്ട് ബില്യണില്‍ കൂടുതല്‍ ചെലവ് വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. ഇത് കാരണം പല കമ്പനികളും ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റുകയോ പുതിയ നിയമനങ്ങള്‍ കുറയ്ക്കുകയോ ചെയ്‌തേക്കാം.
എച്ച് 1 ബി വിസയ്ക്ക് ഉയര്‍ത്തിയ ഒരു ലക്ഷം ഡോളര്‍ ആരൊക്കെ നല്‍കേണ്ടിവരും ? വിശദാംശങ്ങള്‍ പുറപ്പെടുവിച്ച് യുഎസ് കുടിയേറ്റവകുപ്പ്
