ലാ പാസ്: ഏകദേശം രണ്ട് പതിറ്റാണ്ടോളം ബൊളീവിയ ഭരിച്ച ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന് വിരാമമായി. ഇനി വലതുപക്ഷ സഖ്യം രാജ്യം ഭരിക്കും.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ റോഡ്രിഗോ പാസ് പെരേര വിജയിച്ചു. മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ് സ്ഥാപിച്ച മൂവ്‌മെന്റ് ടുവേര്‍ഡ് സോഷ്യലിസം (മാസ്) എന്ന പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.അവര്‍ക്ക് 3% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
തെക്കേ അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമായ ബൊളീവിയയുടെ രാഷ്ട്രീയ ചരിത്രം സ്ഥിരതയില്ലാത്ത ഭരണകൂടങ്ങള്‍ക്കും അധികാര അട്ടിമറികള്‍ക്കും പേരുകേട്ടതാണ്. ഏകദേശം 1.14 കോടി ജനസംഖ്യയുള്ള രാജ്യത്ത് ക്രിസ്തുമത വിശ്വാസികള്‍ക്കാണ് ഭൂരിപക്ഷം.ഇതില്‍ വലിയൊരു ഭാഗം റോമന്‍ കാത്തലിക് വിശ്വാസികളാണ്
2006ല്‍ ഇവോ മൊറാലസിന്റെ നേതൃത്വത്തില്‍ മാസ് പാര്‍ട്ടി അധികാരത്തില്‍ വന്നത് ഒരു വഴിത്തിരിവായി. ആദ്യത്തെ തദ്ദേശീയ പ്രസിഡണ്ടായ മൊറാലസ്, പ്രകൃതിവാതക വ്യവസായത്തിന്റെ ദേശീയവല്‍ക്കരണം പോലുള്ള വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കുകയും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്തു.
ഈ കാലഘട്ടം 'സോഷ്യലിസ്റ്റ് യുഗം' എന്നറിയപ്പെട്ടു. 2009ല്‍ പുതിയ ഭരണഘടന അംഗീകരിച്ച് രാജ്യത്തിന്റെ പേര് പ്ലൂരിനാഷണല്‍ സ്‌റ്റേറ്റ് ഓഫ് ബൊളീവിയ എന്നാക്കി മാറ്റി. എങ്കിലും, മൊറാലസിന്റെ തുടര്‍ച്ചയായ ഭരണാധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍, പ്രത്യേകിച്ച് ഭരണഘടന ഭേദഗതി ചെയ്ത് ഭരണകാലം നീട്ടാനുള്ള നീക്കങ്ങള്‍, രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണമായി. 2019ലെ തര്‍ക്കവിഷയമായ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അദ്ദേഹം രാജി വെച്ച് രാജ്യം വിട്ടു.
പിന്നീട്, 2020ല്‍ മാസ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ലൂയിസ് ആഴ്‌സ് പ്രസിഡന്റായി. എന്നാല്‍, മൊറാലസും ആഴ്‌സും തമ്മിലുള്ള കടുത്ത വിഭാഗീയത പാര്‍ട്ടിയെ ശിഥിലമാക്കി. ഉയര്‍ന്ന പണപ്പെരുപ്പം, ഡോളര്‍ ക്ഷാമം, ഇന്ധന ദൗര്‍ലഭ്യം എന്നിവ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തി. ഇതിന്റെയെല്ലാം ഫലമാണ് തിരഞ്ഞെടുപ്പില്‍ മാസ് പാര്‍ട്ടിക്ക് ഉണ്ടായ ദയനീയ പരാജയം.
പുതിയ പ്രസിഡന്റ് പാസ് പെരേര കൂടുതല്‍ മിതവാദപരമായ, ഘട്ടംഘട്ടമായുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ധന സബ്‌സിഡികള്‍ ക്രമേണ ഒഴിവാക്കുമെന്നും സാമൂഹിക സുരക്ഷാ പദ്ധതികള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി യുടെ സഹായം സ്വീകരിക്കുന്നതിനോട് അദ്ദേഹത്തിന് താത്പര്യമില്ല.
എന്നാല്‍ ഡോളര്‍ ക്ഷാമം, ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത്, ഉയര്‍ന്ന പണപ്പെരുപ്പം, വന്‍തോതിലുള്ള പൊതു കടം എന്നിവ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കാം.
പാസ് പെരേരയുടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷമില്ല. അതിനാല്‍ നിയമങ്ങളും പരിഷ്‌കാരങ്ങളും പാസാക്കിയെടുക്കാന്‍ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കേണ്ടിവരും.
തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും, മുന്‍ പ്രസിഡന്റ് മൊറാലസിന് ഇപ്പോഴും കൊക്ക കര്‍ഷകര്‍ക്കിടയിലും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ ഭാവി ഭരണത്തിന് വെല്ലുവിളിയായേക്കാം.
ബൊളിവിയയില്‍ ഇടതുപക്ഷ ആധിപത്യം തകര്‍ന്നു; പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് റോഡ്രിഗോ പാസ് പെരേരയ്ക്ക് വിജയം
