ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വദേശീയ സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസ് രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തതയുടെയും സാങ്കേതിക ശക്തിയുടെയും പ്രതീകമായി മാറി. ശബ്ദത്തേക്കാള്‍ വേഗത്തില്‍ (1,200 കിമീ/ മണിക്കൂര്‍) സഞ്ചരിക്കുന്ന ബ്രഹ്മോസ് കൃത്യതയോടെ ലക്ഷ്യം തൊടും.
റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ബ്രഹ്മോസ് വികസിപ്പിച്ചത്. മെയ് 7 മുതല്‍ 10 വരെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തയ ഓപ്പറേഷന്‍ സിന്ധൂറില്‍ പാക് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ബ്രഹ്മോസ് പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ബ്രഹ്മോസിന്റെ കഥ ആരംഭിച്ചത് 1993-ലാണ്. അന്ന് ഡിആര്‍ഡിഒ സെക്രട്ടറി ആയിരുന്ന ഡോ. എ പി ജെ അബ്ദുല്‍ കലാം റഷ്യ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു സൂപ്പര്‍സോണിക് എഞ്ചിന്‍ പ്രൊജക്ട് കാണുകയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ഫണ്ട് ലഭിക്കാതായതോടെ നിര്‍ത്തിവെച്ച പദ്ധതി അദ്ദേഹം ഇന്ത്യന്‍- റഷ്യന്‍ സംയുക്ത പ്രതിരോധ പങ്കാളിത്തത്തിനുള്ള വഴിയായി മാറ്റുകയുമായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ഫെബ്രുവരി 12നാണ് ഡോ. എ പി ജെ അ്ബ്ദുല്‍ കലാമും റഷ്യന്‍ ഉപപ്രതിരോധമന്ത്രി എന്‍ വി മിഖായിലോവും ചേര്‍ന്ന് ബ്രഹ്മോസ് എറോസ്‌പേസ് എന്ന സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒഎമ്മും ചേര്‍ന്ന ഈ സംരംഭത്തില്‍ ഇന്ത്യയ്ക്ക് 50.5 ശതമാനവും റഷ്യയ്ക്ക് 49.5 ശതമാനവുമാണ് ഓഹരി.
ലോകത്തിലെ ഏക സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
1999 ജൂലൈ 9ന് ഒപ്പുവെച്ച ആദ്യ കരാറില്‍ ഇന്ത്യയുടെ സംഭാവന 126.25 മില്യണും (ഇന്നത്തെ മൂല്യം ഏകദേശം 11,110 കോടി) റഷ്യയുടെ സംഭാവന 123.75 മില്യണ്‍ ഡോളറും (10,890 കോടി)യുമായിരുന്നു.
2001 ജൂണ്‍ 12ന് ഒഡീഷയിലെ ചാന്ദിപൂരില്‍ നിന്നു നടന്ന പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നു. അതിനുശേഷം ബ്രഹ്മോസ് ലോകപ്രശസ്ത പ്രതിരോധ പ്രദര്‍ശനങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു.
തുടര്‍ച്ചയായ വിജയപരീക്ഷണങ്ങള്‍ക്കുശേഷം ബ്രഹ്മോസ് ഇന്ത്യന്‍ സേനയുടെ മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടുത്തി. മാച്ച് 2.8 (ഏകദേശം 3,430 കിമീ/മണിക്കൂര്‍) വേഗതയില്‍ പറക്കുന്ന ഈ മിസൈല്‍ ശബ്ദവേഗത്തിന്റെ മൂന്നിരട്ടിയാണ്. 1983-ല്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം മുഖേന സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ പ്രധാന പ്രതിരോധ നേട്ടങ്ങളിലൊന്നാണ് ഇത്. ആദ്യം കരയും കപ്പലും ലക്ഷ്യമാക്കി രൂപകല്‍പന ചെയ്ത മിസൈല്‍ പിന്നീട് 2013-ല്‍ വ്യോമപ്രയോഗത്തിനായി മാറ്റി രൂപകല്‍പന ചെയ്തു.
ബ്രഹ്മോസ് മിസൈല്‍ സുഖോയി-30എംകെഐ യുദ്ധവിമാനത്തില്‍ ഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളിയെന്നാണ് ഡിആര്‍ഡിഒയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ എസ് കെ മിശ്ര പറഞ്ഞത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 1,300 കോടി ചെലവാകും എന്നാണ് സുഖോയി കമ്പനി കണക്കാക്കിയെങ്കിലും ഹിന്ദുസ്ഥാന്‍ എറോനോട്ടിക്‌സ് ലിമിറ്റഡ് 88 കോടിയ്ക്ക് പൂര്‍ത്തിയാക്കി ഇന്ത്യയുടെ എഞ്ചിനീയറിങ് കഴിവ് തെളിയിക്കുകയായിരുന്നു.
ബ്രഹ്മോസിന്റെ അന്താരാഷ്ട്ര പ്രചാരം വേഗത്തില്‍ വര്‍ധിച്ചതോടെ 2024-ല്‍ ഇന്ത്യ ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈലുകള്‍ വിതരണം ചെയ്തു ഇന്ത്യയുടെ സൂപ്പര്‍സോണിക് സംവിധാനത്തിന്റെ ആദ്യ കയറ്റുമതിയായിരുന്നു അത്. 2022-ല്‍ ഒപ്പുവെച്ച 33,000 കോടി (375 മില്യണ്‍ ഡോളര്‍) കരാറിന്റെ ഭാഗമായി രണ്ടാംഘട്ട ഡെലിവറി 2025 ഏപ്രിലില്‍ നടന്നു. അര്‍ജന്റീന അടക്കം മറ്റു രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എസ് കെ മിശ്ര വ്യക്തമാക്കി.
വ്യോമ, കര, ജലാന്തര്‍ പ്രയോഗങ്ങളിലായി ബ്രഹ്മോസ് മൂന്ന് വകഭേദങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ഘട്ടങ്ങളുള്ള ഈ മിസൈലിന് ആദ്യം സോളിഡ്- ഫ്യൂവല്‍ ബൂസ്റ്ററും പിന്നെ രാംജെറ്റ് എഞ്ചിനുമാണ് വേഗത നല്‍കുന്നത്. 15 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 10 മീറ്റര്‍ ഉയരം വരെ പറക്കാന്‍ ഇതിന് കഴിയും.ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് സിദ്ധാന്തത്തിലുള്ള മിസൈല്‍ വിക്ഷേപിച്ചതിനു ശേഷം യാതൊരു പുറംനിയന്ത്രണവും ആവശ്യമില്ല. അതിന്റെ വേഗതയും കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചറും കാരണം തടയുക ദുഷ്‌കരമാണ്.
ആദ്യത്തില്‍ 290 കിലോമീറ്ററിലൊതുങ്ങിയ പരിധി 2016-ല്‍ ഇന്ത്യ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം അംഗത്വം നേടിയതോടെ 450 കിലോമീറ്ററാക്കി. ഇപ്പോള്‍ 800 കിലോമീറ്റര്‍ ദൂരം പറക്കുന്ന പുതിയ പതിപ്പ് വികസനത്തിലാണ്. പുതിയ രാംജെറ്റ് എഞ്ചിനും പുരോഗതിയായ ഗൈഡന്‍സ് സംവിധാനങ്ങളുമാണ് അതിന്റെ പ്രത്യേകത. ജിപിഎസില്ലാതെയും പ്രവര്‍ത്തിക്കുന്ന ഇന്‍ര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം, ജിപിഎസ്-ഗ്ലോനാസ്-നാവിക് ഉപഗ്രഹങ്ങളിലൂടെ ബാഹ്യ മാര്‍ഗനിര്‍ദ്ദേശം എന്നിവയും ഇതിലുണ്ട്. 2027-ഓടെ പുതിയ പതിപ്പ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു.
പരീക്ഷണങ്ങള്‍ വിജയിച്ചതിന് ശേഷം നാവികസേനയുടെ നിലവിലുള്ള 450 കിലോമീറ്റര്‍ ബ്രഹ്മോസ് മിസൈലുകള്‍ സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റ് മുഖേന 800 കിലോമീറ്റര്‍ പതിപ്പാക്കി പരിഷ്‌കരിക്കാന്‍ കഴിയും. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ വര്‍ഷം 19,519 കോടി ചെലവില്‍ 220-ലധികം ബ്രഹ്മോസ് മിസൈലുകള്‍ നാവികസേനയ്ക്ക് വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ചു. ഇപ്പോള്‍ 20-ഓളം യുദ്ധക്കപ്പലുകള്‍ ബ്രഹ്മോസ് സംവിധാനങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്നു. ഓപ്പറേഷന്‍ സിന്ധൂറിന് ശേഷം ഇന്ത്യന്‍ വ്യോമസേനയ്ക്കായി 10,800 കോടി ചെലവില്‍ 110 വ്യോമപ്രയോഗ ബ്രഹ്മോസ് മിസൈലുകള്‍ക്കും അനുമതി നല്‍കി.
ഓപ്പറേഷന്‍ സിന്ധൂര്‍ ട്രെയിലര്‍ മാത്രമാണെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ പാകിസ്ഥാനിലെ ഓരോ ഭാഗവും ബ്രഹ്മോസിന്റെ പരിധിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് ലഖ്നൗയിലെ ബ്രഹ്മോസ് യൂണിറ്റില്‍ നിന്നുള്ള ആദ്യ ബാച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലഖ്നൗ പ്ലാന്റ് വര്‍ഷത്തില്‍ 100 ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിച്ച് 3,000 കോടി വരുമാനം നേടുമെന്നും 500 കോടി ജിഎസ്ടി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വേഗതയും കാര്യക്ഷമതയും അദ്ദേഹം പ്രശംസിച്ചു. പി ടി സി ഇന്‍ഡസ്ട്രീസ് സ്ഥാപിച്ച സ്ട്രാറ്റജിക് മെറ്റീരിയല്‍ ടെക്‌നോളജി കോംപ്ലെക്‌സ് പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്.
1993-ല്‍ ആരംഭിച്ച ദീര്‍ഘദൃഷ്ടിയോടെയുളള പ്രവര്‍ത്തനം മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകപ്രശസ്ത നിലയിലേക്കെത്തിയ ബ്രഹ്മോസ് ഇന്ന് ഇന്ത്യയുടെ നവോഥാനത്തിന്റേയും പ്രതിരോധ ശക്തിയുടെയും പ്രതീകമാണ്.