പാരീസ്: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുമായുടെ തെരഞ്ഞെടുപ്പ് പ്രചാരണ ധനസഹായവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ജയില്‍ ശിക്ഷ ആരംഭിച്ചു. സര്‍ക്കോസിയെ ഒക്ടോബര്‍ 21ന് ലാ സാന്റെ സ്റ്റേറ്റ് ജയിലിലെത്തിച്ചു. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചത്.
2007 മുതല്‍ 2012 വരെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന സര്‍ക്കോസി ആരോപണങ്ങള്‍ ആദ്യംമുതല്‍ നിഷേധിച്ചിരുന്നു. യുദ്ധാനന്തരം ജയിലില്‍ പോകുന്ന ആദ്യത്തെ ഫ്രഞ്ച് പ്രസിഡന്റും യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിന്റെ മുന്‍ തലവനുമാണ് സര്‍ക്കോസി. വിചാരണയ്ക്കിടെ, ക്രിമിനല്‍ ഗൂഢാലോചനയില്‍ സര്‍ക്കോസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കേസ് വിശദാംശങ്ങള്‍ അനുസരിച്ച് നയതന്ത്ര, നിയമ, ബിസിനസ് ആനുകൂല്യങ്ങള്‍ക്ക് പകരമായി മുന്‍ ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ധനസഹായം ലഭിക്കുന്നതിന് സര്‍ക്കോസി ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പത്ത് വര്‍ഷത്തെ അഴിമതി വിരുദ്ധ അന്വേഷണത്തിന് ശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 2011 മാര്‍ച്ചില്‍ ഒരു ലിബിയന്‍ വാര്‍ത്താ ഏജന്‍സി സര്‍ക്കോസിയുടെ 2007ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗദ്ദാഫി ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫ്രാന്‍സ് ടി വി 2014ല്‍ സംപ്രേഷണം ചെയ്ത റെക്കോര്‍ഡഡ് അഭിമുഖത്തില്‍ ഗദ്ദാഫി സര്‍ക്കോസിയെ കുറിച്ച് പറഞ്ഞത് തന്റെ സഹായത്താലാണ് അദ്ദേഹം പ്രസിഡന്റായത് എന്നായിരുന്നു. സര്‍ക്കോസിയെ വിജയിപ്പിക്കാന്‍ തങ്ങള്‍ ഫണ്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതേ വര്‍ഷത്തില്‍ തന്നെ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍-ഇസ്ലാമും സര്‍ക്കോസിക്കെതിരെ പറഞ്ഞിരുന്നു. ലിബിയന്‍ ജനതയെ സഹായിക്കാനാണ് തങ്ങള്‍ സര്‍ക്കോസിയെ സഹായിച്ചതെന്നും എന്നാല്‍ നിരാശയായിരുന്നു ഫലമെന്നും ലിബിയന്‍ ജനതയ്ക്ക് പണം തിരികെ നല്‍കണമെന്നുമാണ് സെയ്ഫ് ആവശ്യപ്പെട്ടത്.
2011ല്‍ അറബ് വസന്തകാലത്ത് ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും തൊട്ടുപിന്നാലെ മുന്‍ ലിബിയന്‍ ഏകാധിപതിയെ നാറ്റോ സേനയുടെ പിന്തുണയോടെ പ്രതിപക്ഷ സേന കൊലപ്പെടുത്തുകയും ചെയ്തു. ലിബിയയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സൈനിക ഇടപെടല്‍ ആവശ്യപ്പെട്ട ആദ്യ പാശ്ചാത്യ നേതാവാണ് സര്‍ക്കോസി എന്നത് ശ്രദ്ധേയമാണ്. ലിബിയന്‍ ഏകാധിപതിക്കെതിരായ പ്രതിപക്ഷത്തെ പിന്തുണച്ചതാണ് പ്രചാരണ ധനസഹായ ആരോപണങ്ങള്‍ക്ക് കാരണമായതെന്ന് സര്‍ക്കോസി പറഞ്ഞിരുന്നു.