വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഈയാഴ്ച വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാന്‍ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമ്പത്തിക ശൃംഖലകളെയുമാണ് പുതിയ നടപടികളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദനയത്തിലെ പുതിയ ഘട്ടമായാണ് ഈ ഉപരോധങ്ങളെ വിലയിരുത്തുന്നത്. നേരത്തേ ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങളും ഇറാന് എണ്ണ വില്‍ക്കാന്‍ അനുവദിച്ചിരുന്ന ഉപരോധ ഇളവ് പിന്‍വലിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ പ്രസ്താവന പ്രകാരം ഇറാനിലെ സാമ്പത്തിക ഇടപാടുകള്‍ ഏകോപിപ്പിക്കുന്ന പ്രധാനിയെന്ന് കരുതുന്ന അലി അന്‍സാരിയെയും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇറാന്റെ പരമോന്നത നേതാവിന്റെ മകന്‍ മൊജ്തബ ഖംനേയിക്കും ഭരണകൂടത്തിലെ ഉന്നതര്‍ക്കും പ്രയോജനപ്പെടുന്ന ആഗോള സാമ്പത്തിക ശൃംഖലയാണ് അന്‍സാരി നിയന്ത്രിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. ഉപരോധവിധേയമായ ഇറാനിയന്‍ ബാങ്കുകള്‍ക്കായി പ്രതിവര്‍ഷം ശതകോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രധാന എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും ഉപരോധം ബാധകമാക്കി.
അതേസമയം, അമേരിക്ക- ഇറാന്‍ ധാരണാപത്രം അവസാനിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും തെഹ്‌റാനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദ്ദനയം തുടരുന്നതിനൊപ്പം നയതന്ത്ര ചര്‍ച്ചകള്‍ക്കും വാഷിംഗ്ടണ്‍ തയ്യാറാണെന്ന സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച നിരവധി വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതേത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ഗതാഗത പാതകളിലൊന്നായ ഹോര്‍മുസിലെ ചരക്കുനീക്കം തടസ്സപ്പെട്ടിരുന്നു. പരിമിതമായ സൈനിക നടപടികള്‍ക്ക് ശേഷം നയതന്ത്രശ്രമങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് അമേരിക്കയുടെ നിലവിലെ തന്ത്രമെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ശക്തമായ പ്രതിരോധത്തിന് തയ്യാറാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. സമഗ്ര പ്രതിരോധത്തിനാണ് രാജ്യം സജ്ജമെന്നും എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതാണ് ആഗോള മുന്‍ഗണനയെന്നും മുഖ്യ ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.
ഇതിനിടെ മേഖലയിലെ മധ്യസ്ഥ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധികള്‍ ഇറാന്‍ സന്ദര്‍ശിച്ചതായി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ടെലിഫോണില്‍ സംസാരിച്ചതായും ഖത്തറും പാകിസ്ഥാനും മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ ആണവ അടിസ്ഥാനസൗകര്യങ്ങളുടെ ചില ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുടെ സര്‍ക്കാര്‍ ആണവോര്‍ജ സ്ഥാപനമായ റോസാറ്റം, ബുഷെഹര്‍ ആണവനിലയത്തിലേക്ക് ജീവനക്കാരെ തിരിച്ചയക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
