എഫ് സി ആര്‍ എ ഭേദഗതി; ആശങ്ക അറിയിച്ച് സി ബി സി ഐയെ അമിത് ഷായെ കണ്ടു

എഫ് സി ആര്‍ എ ഭേദഗതി; ആശങ്ക അറിയിച്ച് സി ബി സി ഐയെ അമിത് ഷായെ കണ്ടു


ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആര്‍ എ) ഭേദഗതി ബില്‍-2026, എഫ്സി ആര്‍ എ ഭേദഗതി ചട്ടങ്ങള്‍ എന്നിവയിലെ വ്യവസ്ഥകളില്‍ ആശങ്ക അറിയിച്ച് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പരമോന്നത സംഘടനയായ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി ബി സി ഐ) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം സമര്‍പ്പിച്ചു.

സി ബി സി ഐ പ്രസിഡന്റ് കൂടിയായ ഹൈദരാബാദ് മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂളയും ഡല്‍ഹി മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂത്തോയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെ എഫ് സി ആര്‍ എ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തതായി സി ബി സി ഐ ഉപദേഷ്ടാവ് ജോനാഥന്‍ ലാല്‍റെംറുവാറ്റ അറിയിച്ചു.

ജൂണ്‍ 22-ന് വിജ്ഞാപനം ചെയ്ത എഫ് സി ആര്‍ എ ഭേദഗതി ചട്ടങ്ങള്‍ പ്രകാരം സന്നദ്ധ സംഘടനകള്‍ സാമൂഹികം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാംസ്‌കാരികം, മതം എന്നീ അഞ്ച് വിഭാഗങ്ങളില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഏത് ഭൗമശാസ്ത്രപരമായ മേഖലയിലാണ് പ്രവര്‍ത്തിക്കുകയെന്നും വ്യക്തമാക്കേണ്ടതുണ്ട്.

മതപരമായ 16 വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടങ്ങളില്‍ അനുമതിയുണ്ടെങ്കിലും 'മതപരിവര്‍ത്തനം' നിരോധിച്ചിട്ടുണ്ടെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സി ബി സി ഐ ആവശ്യപ്പെട്ടു. ഈ പദത്തിന് വ്യക്തമായ നിര്‍വചനമില്ലാത്തതിനാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വിശ്വാസാധിഷ്ഠിത സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, സാമൂഹിക സേവനങ്ങളെ മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി കാണുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സി ബി സി ഐ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യനിര്‍മാണത്തിനും പൊതുക്ഷേമത്തിനുമുള്ള സംഭാവനകളാണെന്നും സംഘടന വ്യക്തമാക്കി.

മാര്‍ച്ച് 25-ന് ലോക്‌സഭയില്‍ അവതരിപ്പിച്ച എഫ് സി ആര്‍ എ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്, ഒരു സന്നദ്ധ സംഘടനയുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി പ്രത്യേക അധികാരിയെ നിയമിക്കുന്നതാണ്. സിവില്‍ കോടതിയുടെ അധികാരമുള്ള ഈ ഉദ്യോഗസ്ഥന് സ്വത്തുക്കള്‍ സര്‍ക്കാരിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ കൈമാറാനോ വില്‍ക്കാനോ അധികാരമുണ്ടാകും.

ഈ വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സി ബി സി ഐ എതിര്‍പ്പ് രേഖപ്പെടുത്തി. നിയമപരമായ അപ്പീല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷമേ സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന നടപടി സ്വീകരിക്കാവൂവെന്നും സംഘടന ആവശ്യപ്പെട്ടു.

നിയമലംഘനങ്ങളെ ഗുരുതരവും നിസ്സാരവുമായ വിഭാഗങ്ങളായി വേര്‍തിരിച്ച് സാങ്കേതിക പിഴവുകള്‍ക്കോ ചെറിയ സാമ്പത്തിക വീഴ്ചകള്‍ക്കോ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, സ്വത്ത് പിടിച്ചെടുക്കല്‍ തുടങ്ങിയ കടുത്ത ശിക്ഷകള്‍ ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എഫ് സി ആര്‍ എ നിയമം ഉപയോഗിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളെയും സിവില്‍ സൊസൈറ്റി സംഘടനകളെയും വേട്ടയാടുകയും അവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച ഭേദഗതികള്‍ ചട്ടങ്ങളുടെ രൂപത്തില്‍ വീണ്ടും നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിദേശ ധനസഹായം സ്വീകരിക്കുന്ന എല്ലാ സന്നദ്ധ സംഘടനകള്‍ക്കും എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.