പ്രളയബാധിതര്‍ക്ക് 500 ഡോളര്‍ അടിയന്തരസഹായവും പ്രത്യേക പുനരധിവാസ പദ്ധതിയും പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍

പ്രളയബാധിതര്‍ക്ക് 500 ഡോളര്‍ അടിയന്തരസഹായവും പ്രത്യേക പുനരധിവാസ പദ്ധതിയും പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍


വിന്നിപെഗ്: കനത്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന മാനിറ്റോബ നിവാസികള്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതിയും 500 ഡോളര്‍ വീതം അടിയന്തര ധനസഹായവും മാനിറ്റോബ പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദുരന്തസാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ 500 ഡോളറിന്റെ ചെക്ക് അയച്ചുനല്‍കുമെന്ന് പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ലഭ്യമായ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം മതിയാകാത്തവര്‍ക്കുമായി പ്രത്യേക പ്രളയ പുനരധിവാസ പദ്ധതിയും നടപ്പാക്കും. ദുരന്തസാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്തവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മാനിറ്റോബ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റീന്‍ സ്റ്റീവന്‍സ് അറിയിച്ചു.

വീടുകളുടെ ശുചീകരണം, അറ്റകുറ്റപ്പണി, ഘടനാപരമായ കേടുപാടുകള്‍ പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ വിലയിരുത്തിയാണ് ധനസഹായം അനുവദിക്കുക. സഹായത്തിനുള്ള പരമാവധി തുക മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലെന്നും നാശനഷ്ടത്തിന്റെ തോതിനനുസരിച്ചായിരിക്കും തുക തീരുമാനിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

പ്രവിശ്യയുടെ പടിഞ്ഞാറന്‍ മേഖലകളിലും പ്രത്യേകിച്ച് പാര്‍ക്ലാന്‍ഡ് മേഖലയിലും വ്യാപക പ്രളയമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വാബ് കിന്യുവും ക്രിസ്റ്റീന്‍ സ്റ്റീവന്‍സും മാധ്യമങ്ങളെ കണ്ടാണ് സഹായപദ്ധതികള്‍ പ്രഖ്യാപിച്ചത്.

ദുരന്തസാമ്പത്തിക സഹായത്തിനായി ഇതിനകം അപേക്ഷ നടപടികള്‍ ആരംഭിച്ച ഏകദേശം 1,800 പേര്‍ക്ക് 500 ഡോളര്‍ വീതം മുന്‍കൂര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ കൈകളിലെത്തുന്ന സഹായം വേഗത്തിലാക്കാന്‍ ധനകാര്യ വകുപ്പും എമര്‍ജന്‍സി മാനേജ്‌മെന്റ് വിഭാഗവും വാരാന്ത്യത്തിലും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സൂക്ഷിച്ചുകൊണ്ട് വീടുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാമെന്നും നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതിനും കരാറുകാരുമായി ബന്ധപ്പെടുന്നതിനും തടസ്സമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് കനേഡിയന്‍ റെഡ് ക്രോസുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ക്ക് തുല്യമായി 1.5 കോടി ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തും. ദുരന്തസാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കും.

പ്രളയം രൂക്ഷമായി ബാധിച്ച സ്വാന്‍ വാലി മേഖലയില്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ വ്യക്തിഗത പുനരധിവാസ ആസൂത്രണം, സാമ്പത്തികകാര്യങ്ങള്‍, താമസം, വീടുകളുടെ അറ്റകുറ്റപ്പണി, മാനസികാരോഗ്യ സഹായം എന്നിവയില്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അറിയിച്ചു.

പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക വിമുക്തഭടന്മാരുടെ സന്നദ്ധസംഘടനയായ ടീം റൂബിക്കണും സ്വാന്‍ വാലി മേഖലയില്‍ സേവനം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളിലായി 125 പ്രവര്‍ത്തകര്‍ ഓഗസ്റ്റ് 19 വരെ മേഖലയില്‍ സേവനം തുടരുമെന്നും ഇതിനകം 81 സഹായ അഭ്യര്‍ഥനകള്‍ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 6-8, ജൂണ്‍ 9-10, ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയുള്ള കനത്ത മഴയും പ്രളയവും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കായാണ് ദുരന്തസാമ്പത്തിക സഹായം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്നത്.

500 ഡോളര്‍ മുന്‍കൂര്‍ സഹായത്തിന് പുറമെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 78 ലക്ഷം ഡോളര്‍ മുന്‍കൂര്‍ ധനസഹായവും അനുവദിക്കും. ഇതിന് പുറമെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി ഡോളര്‍ സര്‍ക്കാര്‍ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ടെന്നും സംഭാവനകള്‍ക്ക് തുല്യമായി അനുവദിക്കുന്ന 1.5 കോടി ഡോളര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും ക്രിസ്റ്റീന്‍ സ്റ്റീവന്‍സ് പറഞ്ഞു.

പ്രളയത്തില്‍ ഏകദേശം 80 പ്രവിശ്യാ റോഡുകള്‍ക്കും ഹൈവേകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവയില്‍ പകുതിയിലധികം അറ്റകുറ്റപ്പണികള്‍ ഇതിനകം പൂര്‍ത്തിയായെന്നും അവര്‍ അറിയിച്ചു. എത്ര വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്നോ എത്രപേര്‍ കുടിയൊഴിയേണ്ടിവന്നെന്നോ ഇതുവരെ കൃത്യമായ കണക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

്കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട്ടുതീയും പ്രളയവും പതിവാകുന്ന സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തിന്റെ രീതിയില്‍ മാറ്റം അനിവാര്യമാണെന്നും സഹായം മാസങ്ങള്‍ക്കുശേഷമല്ല, ദുരന്തമുണ്ടായ ഉടന്‍ തന്നെ ലഭിക്കണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി വാബ് കിന്യു പറഞ്ഞു.