സ്വകാര്യതാ വിമര്‍ശനം ശക്തമായി; ഇന്‍സ്റ്റഗ്രാം എ ഐ ഇമേജ് ഫീച്ചര്‍ പിന്‍വലിച്ച് മെറ്റ

സ്വകാര്യതാ വിമര്‍ശനം ശക്തമായി; ഇന്‍സ്റ്റഗ്രാം എ ഐ ഇമേജ് ഫീച്ചര്‍ പിന്‍വലിച്ച് മെറ്റ


കാലിഫോര്‍ണിയ: പൊതുവായ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഉപയോഗിച്ച് നിര്‍മിത ബുദ്ധി (എഐ) സഹായത്തോടെ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിച്ച പുതിയ ഫീച്ചര്‍ സ്വകാര്യതാ ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മെറ്റ പിന്‍വലിച്ചു. ഈ ആഴ്ച അവതരിപ്പിച്ച ഫീച്ചറാണ് വ്യാപക വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കമ്പനി നിര്‍ത്തലാക്കിയത്.

പൊതുവായി ലഭ്യമായ ഇന്‍സ്റ്റഗ്രാം ഉള്ളടക്കം എ ഐ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന രീതിക്കെതിരെ സ്വകാര്യതാ പ്രവര്‍ത്തകരും ഹോളിവുഡിലെ തൊഴിലാളി സംഘടനകളടക്കമുള്ളവരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഉപയോക്താക്കളുടെ പൊതുപോസ്റ്റുകള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

'ഉപയോക്താക്കള്‍ക്ക് പ്രയോജനകരമായ ഒരു സൃഷ്ടിപരമായ ഉപകരണം നല്‍കുകയും, അവരുടെ പൊതുവായ ഉള്ളടക്കം ഈ രീതിയില്‍ ഉപയോഗിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് നിയന്ത്രണം നല്‍കുകയുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം,' മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.

'എന്നാല്‍ ഈ ഫീച്ചര്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന ഉപയോക്താക്കളുടെ പ്രതികരണം ഞങ്ങള്‍ കേട്ടു. അതിനാല്‍ ഈ സൗകര്യം ഇനി ലഭ്യമാകില്ല,' കമ്പനി വ്യക്തമാക്കി.

സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ എ ഐ സാങ്കേതികവിദ്യകളുടെ വികസനത്തിലും ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മെറ്റയുടെ ഈ തീരുമാനം.